പൊൻപണം മുതൽ കണ്ണൂർ പണം വരെ; കാണാം അപൂർവ നാണയശേഖരം

Share our post

കണ്ണൂർ : പൊൻപണം, തലശ്ശേരി പണം, മാഹി പണം, കണ്ണൂർ പണം… വർഷങ്ങൾക്കു മുൻപ് പ്രചരണത്തിലുണ്ടായ നാണയ തുട്ടുകളാണിത്. അപ്രത്യക്ഷമായ ഈ അപൂർവം നാണയങ്ങളുടെ ശേഖരം കാണാൻ ബർണശേരി നായനാർ അക്കാദമി ഹാളിൽ കാൻപെക്സ് നാണയ സ്റ്റാമ്പ് പ്രദർശനത്തിലെത്തിയാൽ മതി. കോയോട് സ്വദേശി പ്രദീപൻ കുന്നത്ത് ആണ് ഈ നാണയങ്ങളുമായി എക്സിബിഷനുള്ളത്. നാട്ടുരാജാക്കൻമാർ അങ്കം കുറിച്ചത് ഈ നാണയം വച്ചായിരുന്നു. ടിപ്പുസുൽത്താന്റെ കാലത്ത് ഉപയോഗിച്ചിരുന്നതും പിന്നീട് ചുരുങ്ങിയ നാൾകൊണ്ട് ഉപയോഗത്തിൽ നിന്നും ഒഴിവാക്കിയതുമാണ് ഈ പൊൻപണം.

പഴശി രാജയ്ക്ക് കൈമാറി കിട്ടിയ ഈ നാണയങ്ങൾ അപൂർവമായി മാത്രമേ എക്സിബിഷനിൽ പോലും കാണാറുള്ളൂ. 390 മില്ലീ ഗ്രാമിലാണ് ഈ പൊൻപണം നിർമിച്ചിട്ടുള്ളത്. കേരളത്തിന്റെ പലഭാഗങ്ങളിലും പ്രാദേശികമായി ഉപയോഗിച്ചിരുന്ന നാണയങ്ങളാണ് കണ്ണൂർ പണവും മാഹി പണവും തലശ്ശേരി പണവും. വർഷങ്ങൾക്ക് മുൻപ് കൂർഗ് വീരരാജന്റെ കാലത്തുണ്ടായ നാണയങ്ങളും തിരുവിതാംകൂർ ചക്രം, തിരുവിതാംകൂർ നാല്കാശ് എന്നിവയും മേളയിൽ പ്രധാന ’ഐറ്റംസു’കളായുണ്ട്.

തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന നാണയങ്ങളും പ്രദർശനത്തിനുണ്ട്. വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ ഗാന്ധി സ്മാരക സ്റ്റാംപുകൾ, പ്രമുഖ വ്യക്തികൾ ഓട്ടോഗ്രാഫ് ചാർത്തിയ തപാൽ കവറുകൾ, താളിയോലകൾ, ബ്രിട്ടിഷ് ഇന്ത്യയിലും റിപ്പബ്ലിക് ഇന്ത്യയിലും പേർഷ്യയിലും നടപ്പിലുണ്ടായിരുന്ന കറൻസികൾ, നിർമാണത്തിൽ പിശകു സംഭവിച്ച കറൻസികളും നാണയങ്ങളും ഉൾപ്പെടെ കാണാൻ അവസരമുണ്ട്.

900 ഷീറ്റുകളിലായി സ്റ്റാംപുകളും 350 ഷീറ്റുകളിലായി നാണയങ്ങളും കറൻസികളും പ്രദർശനത്തിലുണ്ട്. 14 ജില്ലകൾക്ക് പുറമേ കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരും എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. കാനന്നൂർ ഫിലാറ്റലിക് ക്ലബ് നടത്തുന്ന അഖിലേന്ത്യാ സ്റ്റാംപ് നാണയ പ്രദർശനം 13 വരെയുണ്ട്. പ്രവേശനം സൗജന്യമാണ്.

മേയർ ടി.ഒ.മോഹനൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. എ.കെ.ശ്രീദീപ് അധ്യക്ഷത വഹിച്ചു. എൻസിസി 31 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ എൻ.രമേഷ്, കാനന്നൂർ ഫിലാറ്റലിക് ക്ലബ് സെക്രട്ടറി രൂപ് ബൽറാം, പി.കെ.ശിവദാസൻ, പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ, സി.കെ.മനോജ് കുമാർ, കെ.കരുണാകരൻ എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!