വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; പൊലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി സുഹൃത്തായ യുവതിയെ പീഡിപ്പിച്ച കേസിൽ കാച്ചാണി സ്വദേശിയും തിരുവനന്തപുരം വിജിലൻസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ സാബു പണിക്കർ അറസ്റ്റിൽ. പീഡിപ്പിച്ചതിനും സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് കേസ്. വർഷങ്ങളായി ഇരുവരും സൗഹൃദത്തിലായിരുന്നു.യുവതിയെ ചൂഷണം ചെയ്ത ഇയാൾ വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറി. അതിനുശേഷവും ചൂഷണം ചെയ്യാൻ ശ്രമിച്ചു.
വിസമ്മതിച്ചപ്പോൾ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന് അരുവിക്കര പൊലീസ് വെളിപ്പെടുത്തി. വീഡിയോ പ്രചരിപ്പിച്ച ഇയാളുടെ സുഹൃത്തുക്കളായ ഉദയൻ, സന്തോഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാബുപണിക്കരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.