കാനായിയിൽ മെസിയുടെ ഫ്രീ കിക്ക്

പയ്യന്നൂർ: ലോകം മുഴുവൻ ലോകകപ്പ് ഫുട്‌ബോളിനെ വരവേൽക്കാനൊരുങ്ങുമ്പോൾ കാനായിയിലെ കുരുന്നുകളും ഇഷ്ടതാരത്തിന്റെ ശിൽപ്പമൊരുക്കി ആഘോഷത്തിലാണ്. രണ്ട് കൈയും അരയിൽ വച്ച് ചെമ്പൻ താടിയും ഇടതു കൈയിൽ ടാറ്റു കുത്തിയ ചിത്രവുമായി ഫ്രീ കിക്ക് എടുക്കാൻ തയ്യാറായി നിൽക്കുന്ന മെസ്സിയെയാണ് ശിൽപ്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം പാഴ്‌വസ്‌തുക്കളിൽ ആവിഷ്‌കരിച്ചത്.
പഴയ പേപ്പർ, തുണി, ചകിരി, മൈദപ്പശ, മാസ്‌കിങ് ടാപ്പ്, പ്ലാസ്റ്റർ ഓഫ് പാരിസ് എന്നിവ ഉപയോഗിച്ച് ഏഴ് അടി ഉയരത്തിലുള്ള പ്രകൃതി സൗഹൃദ ശിൽപ്പം രണ്ട് ദിവസംകൊണ്ടാണ് ഒരുങ്ങിയത്. ടി കെ അർജുൻ, പി ഋതുരാഗ്, കെ അലോക്, എ ആഗ്നേയ്, അഭിജിത്ത് കാനായി, ടി വി നിഖിൽ എന്നിവർ ശിൽപ്പനിർമാണത്തിൽ സഹായികളായി. കാനായി തോട്ടംകടവിൽ ശിൽപ്പം സ്ഥാപിക്കുമെന്ന് ഉണ്ണി കാനായി പറഞ്ഞു.