പുരസ്‌കാരത്തേക്കാൾ വലുത് നാടിന്റെ സ്‌നേഹം: രഞ്ജിത്

കൂത്തുപറമ്പ്: ഏതുപുരസ്കാരത്തേക്കാളും വലുതാണ് ജന്മനാടിന്റെ സ്‌നേഹവും ആദരവെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. ജെ .സി. ഡാനിയൽ അവാർഡ് ജേതാവും പ്രമുഖ സംവിധായകനുമായ കെ .പി കുമാരന് ജന്മനാടായ കൂത്തുപറമ്പിൽ നൽകിയ ആദര സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു രഞ്‌ജിത്. പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റി, കേരള ടാക്കീസ് ഫിലിം സൊസൈറ്റി, സുധീഷ് സ്‌മാരക സാംസ്കാരിക കേന്ദ്രം എന്നിവയാണ് ചടങ്ങ് സംഘടിപ്പിച്ചത്.സംഘാടക സമിതി ചെയർമാൻ എൻ കെ ശ്രീനിവാസൻ കെ പി കുമാരന് പ്രശസ്തിപത്രം നൽകി.
പാലത്തുങ്കരയിൽനിന്ന് തുറന്ന വാഹനത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാറോളിഘട്ടിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ നഗരസഭാ ചെയർമാൻ വി സുജാത അധ്യക്ഷയായി. കഥാകൃത്ത് വി. ആർ. സുധീഷ്, സി.പി. എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, വത്സൻ പനോളി, ജില്ലാ സെക്രട്ടറിയറ്റംഗം എം. സുരേന്ദ്രൻ, വി .കെ .ജോസഫ്, എ .വി. അജയകുമാർ, എം. കെ. മനോഹരൻ, പി .പ്രേമരാജൻ, കെ. ധനഞ്ജയൻ, എം. സജീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കെ.രാഘവൻമാസ്റ്റർ അനുസ്മരണ ഗാനസന്ധ്യയും പുന്നാട് പൊലികയുടെ നാടൻപാട്ടരങ്ങും അരങ്ങേറി.