പാഞ്ചാലിയുടെ ബാഗിൽ കുപ്പികളും പെഗ് മെഷറും എപ്പോഴും ഉണ്ടാവും, ഫോൺ വിളിച്ചാൽ മദ്യം നിൽക്കുന്നിടത്ത് എത്തും, എതിർത്താൽ കുത്തും

കൊച്ചി: വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തിരുവനന്തപുരം പേട്ട മാനവനഗർ പാൽക്കുളങ്ങര വയലിൽ വീട്ടിൽ രേഷ്മ ബാലൻ (പാഞ്ചാലി ) പങ്കാളി തീയോഫിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വയറിന് ആഴത്തിൽ കുത്തേറ്റ എറണാകുളം സ്വദേശി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് മദ്യവില്പനയും മറ്റും നടത്തിവരുന്ന പാഞ്ചാലിയെ കഴിഞ്ഞ സെപ്തംബറിൽ ഡ്രൈ ഡേയിൽ മദ്യം വിറ്റതിന് പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ പുറത്തിറങ്ങിയ ശേഷവും മദ്യവില്പന തുടരുകയായിരുന്നു.ബാഗിൽ മദ്യക്കുപ്പികളും ഗ്ലാസും പെഗ് മെഷറുമായി കറങ്ങി ആവശ്യക്കാരെ ഫോണിൽ വിളിച്ചുവരുത്തി മദ്യം വിൽക്കുന്നതാണ് ഇവരുടെ രീതി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.