ഉത്സവത്തിനിടെ വെളിച്ചപ്പാടിനെ വെട്ടിക്കൊന്ന പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ

Share our post

കൊടുങ്ങല്ലൂർ: കയ്പമംഗലം കൂരി കുഴിയിൽ കോഴിപറമ്പിൽ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ ഉത്സവത്തിനിടെ വെട്ടി കൊന്ന കേസിലെ പ്രതിയെ 15 വർഷത്തിന് ശേഷം കണ്ണൂർ ആഴിക്കരയിൽ നിന്ന് പിടികൂടി. രണ്ടാം പ്രതി കൂരിക്കുഴി ചാച്ചാമരം കിഴക്കേവീട്ടിൽ ഗണപതി എന്ന വിജേഷ് (38) ആണ് പിടിയിലായത്.

വെളിച്ചപ്പാട് കോഴി പറമ്പിൽ ഷൈൻ ആണ് ക്ഷേത്രവളപ്പിൽ ക്രൂരമായി കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം രക്ഷപ്പെട്ട വിജേഷ് കാസർക്കോട് ബേക്കലിൽ അപ്പൻ എന്ന പേരിൽ ഒളിച്ച് താമസിക്കുകയായിരുന്നു. അവിടെ വിവാഹിതനായ ഇയാൾ ഒരു കുട്ടിയുടെ പിതാവുമാണ്. നാടുമായി കാര്യമായി ബന്ധമില്ലാതിരുന്ന ഇയാൾ ബേക്കലിൽ മത്സ്യബന്ധന തൊഴിലാളിയായി കഴിയുകയായിരുന്നു.

ആഴി കരയിലും മത്സ്യ ബന്ധനം നടത്തിയിരുന്ന ഇയാളെ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. സലീഷ് എൻ. ശങ്കരന്‍റെ നേതൃത്യത്തിലുള്ള പൊലീസ് സംഘം നാളുകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്. മത്സ്യതൊഴിലാളികളുടെയും മീൻ വിൽപനക്കാരുടെയും മറ്റും വേഷത്തിൽ കടപ്പുറത്ത് തങ്ങിയാണ് പ്രതിയെ കണ്ടെത്തിയത്. വഞ്ചിയുൾപ്പെടെ നൽകി മത്സ്യ തൊഴിലാളികളും സഹകരിച്ചതായി പൊലീസ് പറഞ്ഞു.

സലീഷ് എൻ. ശങ്കരൻ മതിലകം എസ്.ഐയായിരിക്കെ 2007 മാർച്ച് 27നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ മറ്റു അഞ്ച് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. ക്രൈം സ്ക്വോഡ് അംഗങ്ങളായ എസ്.ഐമാരായ പി.സി. സുനിൽ, എ.എ. മുഹമ്മദ് റാഫി, എ.എസ്.ഐ സി.ആർ.പ്രദീപ്, ജി.എസ്.സി.പി.ഒ സി.കെ. ബിജു, സി.പി.ഒ. എ.ബി. നിഷാന്ത് എന്നിവരും ഉൾപ്പെടുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!