മൈസൂരു ജനവാസ മേഖലയിൽ പുലി; ബൈക്ക് യാത്രികനെയും വനപാലകനെയും ആക്രമിച്ചു

മൈസൂരു: കെ.ആര്‍. നഗര്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി. പുലിയെ പിടികൂടുന്നതിനിടെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളില്‍ പുലിയിറങ്ങിയതായുള്ള വിവരം പുറത്ത് വന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ജനവാസമേഖലകളില്‍ പുലിയെ കണ്ടെത്തിയത്. പുലി കെട്ടിടങ്ങള്‍ക്കുമുകളിലേക്കും വീടുകള്‍ക്ക് ഉള്ളിലേക്കും കയറാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
പുലി ഇറങ്ങിയ വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തി. ഇതിനിടെയാണ് ഒരു വനപാലകന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പുലിയുടെ ഓട്ടത്തിനിടെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മണിക്കൂറുകള്‍ നീണ്ടശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാന്‍ സാധിച്ചത്. പിടികൂടിയെ പുലിയെ വനത്തിലേക്ക് തുറന്നുവിടും. കഴിഞ്ഞ ദിവസം രാമനഗരമേഖലയില്‍ കടുവ നാട്ടിലിറങ്ങിയിരുന്നു. ഹൈവേയില്‍ വരെ കടുവയെത്തുന്ന സാഹചര്യമുണ്ടായിരുന്നു. കനകപുര മേഖലയിലും കഴിഞ്ഞ ദിവസം പുലി ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നു.