വീട്ടിൽ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ വേണമെന്ന ആവശ്യം; കെ .എം. ഷാജിയുടെ ഹർജി കോടതി തള്ളി

കോഴിക്കോട്: വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ .എം. ഷാജിയുടെ ഹർജി തള്ളി. കോഴിക്കോട് വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് 47.35 ലക്ഷം രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്.
ഇത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു കെ. എം. ഷാജിയുടെ വാദം.തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കുന്നതിനായി കെ .എം .ഷാജി ഹാജരാക്കിയ രേഖകളിൽ കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുപതിനായിരം രൂപയുടെ രസീതിൽ പണം പിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു.
2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020 ജനുവരിയിലാണ് കെ .എം .ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം നേതാവ് കുടുവൻ പദ്‌മനാഭൻ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. തുടര്‍ന്ന് ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി കണ്ടെത്തിയെന്ന് വ്യക്തമാക്കിയ വിജിലൻസ് ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 47,35,500 രൂപ പിടിച്ചെടുത്തത്.