വാർഷിക പദ്ധതി ഭേദഗതി അംഗീകരിച്ച് കോർപ്പറേഷൻ കൗൺസിൽ യോഗം

കണ്ണൂർ: വാർഷിക പദ്ധതി ഭേദഗതി കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകരിക്കുകയും ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. അധികമായി ലഭിച്ച തുകയിൽ അനിവാര്യമായി വകയിരുത്തേണ്ട തുക കഴിച്ച് ഏഴു കോടി 61 ലക്ഷം രൂപയ്ക്കുള്ള ഭേദഗതിയാണ് കൗൺസിൽ യോഗം അംഗീകരിച്ചത്. നേരത്തെ അംഗീകരിച്ച പദ്ധതികൾക്ക് പുറമേ അധികമായി വനിതാ ക്ഷേമ പദ്ധതികൾക്കായി ഒരു കോടി 66 ലക്ഷം രൂപയും, കുട്ടികളുടെ ക്ഷേമത്തിനായി 81 ലക്ഷം രൂപയും, വയോജനങ്ങളുടെ ക്ഷേമത്തിനായി 71 ലക്ഷം രൂപയും, പാർപ്പിട പദ്ധതികൾക്കായി 3 കോടി 80 ലക്ഷം രൂപയും, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി രണ്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നേരത്തെ അംഗീകരിച്ച 30 ലക്ഷം രൂപയുടെ പദ്ധതിയായ മാരകരോഗം ബാധിച്ചവർക്കുള്ള മരുന്നുവാങ്ങാൻ അപേക്ഷ സമർപ്പിച്ച മുഴുവൻ പേർക്കും മരുന്ന് നൽകുന്നതിനും തീരുമാനിച്ചു.മരക്കാർ കണ്ടി പാർക്ക് നിർമ്മാണം 10 ലക്ഷം, മൈതാനപ്പള്ളി പാർക്ക് നിർമ്മാണം 10 ലക്ഷം, അങ്കണവാടി നിർമ്മാണം (2 എണ്ണം) 24 ലക്ഷം, പാറക്കണ്ടി പാർക്ക് നിർമ്മാണം 10 ലക്ഷം,ചാല ശിശുമന്ദിരം പാർക്ക് 10 ലക്ഷം തുടങ്ങിയ പദ്ധതികൾക്കാണ് ഭേദഗതി പ്രകാരം കൂടുതൽ തുക വകയിരുത്തിയത്. മേയർ അഡ്വ. ടി.ഒ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ടി. രവീന്ദ്രൻ, സുരേഷ്ബാബു എളയാവൂർ, എൻ. ഉഷ, സയ്യിദ് സിയാദ് തങ്ങൾ എന്നിവർ സംബന്ധിച്ചു.