‘ഇരട്ടക്കുട്ടികളെ കാണാന്‍ പോലും അനുവദിച്ചില്ല’; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരേ കേസ്

Share our post

കോഴിക്കോട്: യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരേ പോലീസ് കേസെടുത്തു. പറമ്പില്‍ ബസാര്‍ സ്വദേശി അനഘയുടെ മരണത്തിലാണ് ഭര്‍ത്താവ് ശ്രീജേഷിനെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടേയും മാനസിക, ശാരീരിക പീഡനത്തെ തുടര്‍ന്നാണ് അനഘ ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ചേവായൂര്‍ പോലീസ് കേസെടുത്തത്.

മൂന്നുവര്‍ഷം മുമ്പായിരുന്നു അനഘയും ശ്രീജേഷും തമ്മിലുള്ള വിവാഹം. അനഘയുടെ രക്ഷിതാക്കള്‍ നിയമപരമായി വേര്‍പിരിഞ്ഞ് ജീവിക്കുന്നതിന്റെ പേരില്‍ ശ്രീജേഷും അമ്മയും സഹോദരിയും അനഘയെ നിരന്തരം മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കള്‍ ആരെങ്കിലും വീട്ടിലെത്തിയാല്‍ കാണാന്‍ അനുവദിക്കുകയോ അനഘയെ വീട്ടിലേക്ക് വരാന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

അനഘയുടെ ജന്മദിനത്തില്‍ കേക്കുമായി എത്തിയ സഹോദരനെ വീട്ടില്‍നിന്ന് ഇറക്കി വിടുകയും കേക്ക് വലിച്ചെറിയുകയും ചെയ്തു. അനഘ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞെത്തിയ അമ്മയെയും മകളെ കാണാന്‍ അനുവദിച്ചില്ല. ഇരട്ടക്കുട്ടികള്‍ പിറന്ന വിവരമറിഞ്ഞെത്തിയപ്പോഴും ശ്രീജേഷും അമ്മയും അനഘയുടെ ബന്ധുക്കളെ തടഞ്ഞു.

എം.എല്‍.ടി കോഴ്‌സ് കഴിഞ്ഞ അനഘ അടുത്തിടെ സര്‍ട്ടിഫിക്കറ്റ് എടുക്കാനായി വീട്ടില്‍ എത്തിയിരുന്നു. ഭര്‍ത്താവ് ശ്രീജേഷ് മര്‍ദിക്കുന്ന കാര്യവും ശ്രീജേഷിന്റെ അമ്മയുടെ പീഡനങ്ങളും അന്ന് വീട്ടില്‍ അറിയിച്ചിരുന്നു. സഹോദരങ്ങള്‍ വിവാഹം കഴിക്കാത്തതിനാല്‍ താന്‍ വീട്ടില്‍ വന്ന് നില്‍ക്കുന്നത് ശരിയല്ലെന്നും എങ്ങനെയെങ്കിലും ഭര്‍തൃവീട്ടില്‍ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചോളാം എന്നും പറഞ്ഞാണ് അനഘ മടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു. ഇനി വീട്ടില്‍ പോയാല്‍ താലി അഴിച്ചുവെച്ച് പോയാല്‍ മതിയെന്ന് ശ്രീജേഷ് അനഘയെ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കളുടെ നമ്പറെല്ലാം ബ്ലോക്ക് ചെയ്‌തെന്നും ആരോപണമുണ്ട്. ഹൃദ്രോഗിയായ അനഘയുടെ അമ്മയ്ക്ക് മകളെ കാണണം എന്ന് പറഞ്ഞപ്പോളും അനുവദിച്ചില്ല.

ഒക്ടോബര്‍ 27-ന് രാവിലെ 11 മണിയോടെ ഭര്‍തൃവീട്ടില്‍നിന്നിറങ്ങിയ അനഘ ബന്ധുവീട്ടില്‍ വന്നെങ്കിലും അവിടെ ആളില്ലാത്തതിനാല്‍ കാണാനായില്ല. തുടര്‍ന്ന് ഈ വീടിന് അടുത്തുള്ള റെയില്‍പാളത്തിലേക്ക് പോയി. ഇവിടെയാണ് തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് എലത്തൂര്‍ പോലീസാണ് ആദ്യം കേസെടുത്തത്. അനഘയുടെ മരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരേ കേസ് എടുക്കണമെന്നും അനഘയുടെ കുഞ്ഞുങ്ങളെ വിട്ടുകിട്ടണം എന്നും ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയതോടെയാണ് കേസ് ചേവായൂര്‍ സ്റ്റേഷനിലേക്ക് മാറ്റിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!