മൂന്നാം പാലത്തെ അടുത്ത പാലം ഒരാഴ്‌ചയ്‌ക്കുള്ളിൽ പൊളിക്കും

കണ്ണൂർ: കൂത്തുപറമ്പ് –- കണ്ണൂർ റൂട്ടിൽ മൂന്നാം പാലത്തെ ബലക്ഷയം നേരിടുന്ന അടുത്ത പാലവും ഒരാഴ്‌ചയ്‌ക്കുള്ളിൽ പൊളിക്കും. സമാന്തര റോഡ് നിർമാണം പൂർത്തിയാകുന്നു. 2.30 കോടി രൂപ ചെലവിലാണ് പാലം പണിയുന്നത്. രണ്ട് പാലങ്ങളാണ് മൂന്നാം പാലത്ത് ബലക്ഷയം നേരിട്ടത്. പ്രധാന പാലത്തിന്റെ നിർമാണം പൂർത്തിയായതോടെയാണ് അടുത്ത പാലവും പൊളിക്കാൻ തീരുമാനമായത്.
പുതിയ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ പാലമാണ് പുതുക്കിപ്പണിയുക. 11 മീറ്റർ വീതിയും 11 മീറ്റർ നീളവുമാണ് പുതിയ പാലത്തിനുണ്ടാവുക. നിർമാണം പൂർത്തിയായ പാലത്തിന്റെ അതേ ഉയരത്തിലാണ് അടുത്തതും നിർമിക്കുക. ഇരുവശത്തെയും റോഡുകളും ഇതിനനുസരിച്ച് ഉയർത്തും.തോടിനുകുറുകെ പൈപ്പിട്ടാണ് സമാന്തര റോഡ് നിർമിച്ചത്.
റോഡിൽ മെറ്റൽ ഇട്ടു. ടാറിങ് അടുത്ത ദിവസങ്ങളിൽ നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങളെ കടത്തിവിട്ട് പരിശോധന നടത്തിയശേഷം ഗതാഗതം പൂർണമായും സമാന്തരറോഡ് വഴിയാക്കും.
ഇതിനുശേഷമാണ് പാലം പൊളിക്കുക. അടുത്ത കാലവർഷം തുടങ്ങുംമുമ്പ് നിർമാണം പൂറത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രാംദേവ് കൺസ്‌ട്രക്‌ഷൻസിനാണ് നിർമാണ കരാർ.