വയനാട് ജില്ലയില്‍ വൈദ്യുത വാഹനങ്ങളുടെ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങി

കെ.എസ്.ഇ.ബിയുടെ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. വൈത്തിരി സെക്ഷന്‍ ഓഫീസ് പരിസരത്തും പടിഞ്ഞാറത്തറ ബാണാസുര സാഗറിലും സ്ഥാപിച്ച അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകളും ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച 25 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിച്ചു.
കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലാണ് ഈ ചാര്‍ജിംഗ് ശൃംഖലകള്‍ സജ്ജമായത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക, ഇന്ധന വില വര്‍ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക എന്നിവ ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഇ-വെഹിക്കിള്‍ പോളിസി പ്രകാരമാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്നതാണ് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍. വ്യത്യസ്ത കിലോവാട്ട് ശേഷിയുളള മൂന്ന് അതിവേഗ ചാര്‍ജിങ് സംവിധാനമാണ് ഓരോ കേന്ദ്രത്തിലും സ്ഥാപിച്ചിരിക്കുന്നത്.