ഇന്ത്യയെ മതരാഷ്ട്രമാക്കാൻ അനുവദിക്കില്ല- സ്പീക്കര്‍

കണ്ണൂർ: ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാൻ ആരെയും അനുവദിക്കില്ലെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. കണ്ണൂർ ടൗൺ സ്ക്വയറിൽ ന്യൂനപക്ഷ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാനവ മൈത്രി സർഗ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ട്. ഏക സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനക്ക് എതിരാണ്.
ഭരണഘടനയെ തന്നെ മാറ്റിമറിക്കുന്നതിനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നത്. വർഗീയത ശക്തിപ്പെടുമ്പോൾ നമ്മുടെ രാജ്യം ഒരിക്കലും ഐക്യപ്പെടില്ല. ഇതിനെതിരായ ചെറുത്തുനിൽപ് ഉയരേണ്ടതുണ്ട്. പ്രതികരിക്കുന്നവരെ ജയിലിലടച്ച് ഒരു ഭരണകൂടത്തിന് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും മതനിരപേക്ഷതയുടെ തുരുത്തായ കേരളത്തിലും വർഗീയശക്തികളുടെ ശ്രമം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. സർഗസംഗമത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപേരാണ് പങ്കെടുത്തത്.
സംഘാടകസമിതി ചെയർമാൻ കെ.പി. സുധാകരൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.വി. സുമേഷ്, രാമചന്ദ്രൻ കടന്നപള്ളി, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ എന്നിവർ സംസാരിച്ചു. എം.സി.എച്ച് എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടിയ പേരാവൂർ സ്വദേശി ഷീമമക്ക് സ്പീക്കർ ഉപഹാരം നൽകി. കൺവീനർ എം. ഷാജർ സ്വാഗതവും ഒ.വി. ജാഫർ നന്ദിയും പറഞ്ഞു.