പെൻഷൻ പ്രായത്തിൽ എതിർപ്പ് പരസ്യമാക്കി എ.ഐ.വൈ.എഫ്; ‘മിണ്ടാതെ’ ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയതിൽ ഇടതു മുന്നണിയിൽ അഭിപ്രായ വ്യത്യാസം. നടപടിക്കെതിരെ സി.പി. ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ് രംഗത്തെത്തി. പ്രതികരിക്കാൻ ഡി.വൈ.എഫ് നേതൃത്വം തയാറായിട്ടില്ല. പ്രതിപക്ഷ സംഘടനകൾ ശക്തമായ സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തും.
പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്ത വിരമിക്കൽ പ്രായമായതിനാലാണ് പെൻഷൻ പ്രായം 60 ആക്കി ഏകീകരിക്കാൻ തീരുമാനിച്ചതെന്ന് ധനവകുപ്പ് വിശദീകരിക്കുന്നു. കെ.എസ്ഇ.ബി, ജല അതോറിറ്റി, കെ.എസ്ആർ. ടി.സി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം തൽക്കാലം വർധിപ്പിച്ചിട്ടില്ല. ഈ സ്ഥാപനങ്ങളിൽ ഇതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപറേഷനുകളിലുമായി ഒന്നര ലക്ഷത്തോളം ജീവനക്കാരാണുള്ളത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷൻ പ്രായം അറുപതായി വര്‍ധിപ്പിച്ച ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിനു ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്നും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം യുവജനദ്രോഹ നടപടിയാണ്. ഈ തീരുമാനം തൊഴില്‍ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാന്‍ സാധിക്കൂ. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമല്ലെന്നിരിക്കെ ഈ തീരുമാനമെടുത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. തീരുമാനം പിന്‍വലിച്ച് യുവജനങ്ങളുടെ തൊഴില്‍ ലഭിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്‌മോനും ആവശ്യപ്പെട്ടു