“സർബത്തുംകായ’ പടർത്തൽ ചട്ടുകപ്പാറയുടെ ഫാഷൻ

മയ്യിൽ: പടർന്നുപന്തലിച്ച വള്ളിപ്പടർപ്പിലെങ്ങും ‘സർബത്തും കായ’ ഫാഷനായതോടെ പാഷൻ ഫ്രൂട്ട് ഗ്രാമമായിരിക്കുകയാണ് ചട്ടുകപ്പാറ. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ചട്ടുകപ്പാറയിൽ ‘പാഷൻ ഫ്രൂട്ട് ഗ്രാമം ’ പദ്ധതി നടപ്പാക്കിയത്.
ഒരുകാലത്ത് ‘സർബത്തുംകായ’ എന്ന് വിളിച്ച പാഷൻ ഫ്രൂട്ട് മൂല്യവർധിത ഉൽപ്പന്നമായിരിക്കുകയാണിപ്പോൾ. ജില്ലയിൽ തെരഞ്ഞെടുത്ത 20 പഞ്ചായത്തുകളിലെ 200 കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകളാണ് പദ്ധതി നടപ്പാക്കിയത്. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ അഞ്ച് ജെഎൽജി ഗ്രൂപ്പുകൾ കൃഷി ചെയ്തു. വിളവെടുപ്പ് നെല്യോട്ട് വയലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
ഭാഗ്യശ്രീ ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, എ കെ ശശിധരൻ, സതീഷ് ബാബു, ഡോ. എം സുർജിത്ത്, കൃ കെ കെ ആദർശ്, സിഡിഎസ് ചെയർപേഴ്സൺ സി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.