മെഡിക്കൽ ഷോപ്പ് വഴിയും മയക്കുഗുളിക വിൽപന; ലഹരി വലയത്തിൽ കണ്ണൂർ

Share our post

കണ്ണൂർ: മനോരോഗികൾക്കു മാനസിക സമ്മർദ്ദമൊഴിവാക്കാനായി ഡോക്ടർമാരുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന മരുന്നുകൾ കണ്ണൂർ കോർപറേഷൻ പരിധിയിലെ ചില മെഡിക്കൽ ഷോപ്പിൽ നിന്നും ക്രമാതീതമായി വിറ്റഴിക്കുന്നതായി കണ്ടെത്തൽ. ഇതേ തുടർന്ന് എക്‌സൈസ് നിരീക്ഷണം ഊർജ്ജിതമാക്കി.ഡ്രഗ്സ് ആൻഡ് കൺട്രോളർ വകുപ്പാണ് ഇതുസംബന്ധിച്ച വിവരം എക്‌സൈസിന് കൈമാറിയത്. ഇത്തരത്തിലുള്ള മരുന്നുകൾ വളരെ കുറച്ചു മാത്രമേ സ്റ്റോക്ക് ചെയ്യാനുള്ള അനുമതിയുള്ളൂ.

എന്നാൽ ഇതു മറികടന്നാണ് ലാഭക്കൊതി ലക്ഷ്യമാക്കി ഇത്തരം മയക്കുഗുളികകൾ മെഡിക്കൽ ഷോപ്പുടമകൾ സ്റ്റോക്ക് ചെയ്യുന്നത്. മെഡിക്കൽ ഷോപ്പുകളിൽ വിദ്യാർത്ഥികൾ കൂടുതലായെത്തി ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വാങ്ങിപ്പോകുന്നതായി നേരത്തെ നാട്ടുകാർ വിവരം നൽകിയിരുന്നു. രാത്രികാലങ്ങളിൽ ബൈക്കിലാണ് ദൂരദേശങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികളും യുവാക്കളുമെത്തുന്നത്.കണ്ണൂർ കോർപറേഷൻ പരിധിയിലെ പത്തുമെഡിക്കൽ ഷോപ്പുകൾ ഇപ്പോൾ എക്‌സൈസ് നിരീക്ഷണത്തിലാണ്. ഇവിടങ്ങളിലെ സ്റ്റോക്ക് ലിസ്റ്റുകൾ പരിശോധിച്ചുവരികയാണ്.

സാധാരണ പ്രതിമാസം വളരെ കുറിച്ചാളുകൾക്ക് മാത്രമേ മാനസിക സമ്മർദ്ദം ഒഴിവാക്കാനുള്ള മരുന്നുകളും കാൻസർ വേദനാസംഹാരികളും ആവശ്യമായി വരാറുള്ളൂ. ഡോക്ടറുടെ കുറിപ്പടി നിർബന്ധമായും കാണിച്ചാലെ ഇവ നൽകാവൂവെന്ന് നിർദ്ദേശവുമുണ്ട്. ഇത് അട്ടിമറിച്ചാണ് മെഡിക്കൽ ഷോപ്പുകൾ വഴിയുള്ള മയക്കുഗുളികകളുടെ വിതരണം.വരുന്നത് ബംഗളൂരിൽ നിന്നുംകണ്ണൂർ കോർപറേഷനിലെ കക്കാട് കേന്ദ്രീകരിച്ച് ഇത്തരം മയക്കുഗുളികകൾ ശേഖരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്ന സംഘം പ്രവർത്തിക്കുന്നുണ്ട്.

ബംഗ്ലൂരിൽ നിന്നും മൊത്തമായാണ് ഇവർ മെഡിക്കൽ ഷോപ്പുകാരുടെ ലേബലിൽ മയക്കുഗുളികകൾ എത്തിക്കുന്നത്. ഇതിൽ ഒരു ഭാഗം മെഡിക്കൽ ഷോപ്പുടമകൾക്കും കൈമാറുകയാണ്. ഇതാണ് ആറിരട്ടിവിലയ്ക്കു മെഡിക്കൽ ഷോപ്പുകൾ വഴി വിറ്റഴിക്കുന്നതെന്നാണ് കണ്ടെത്തൽ. ചില മെഡിക്കൽ ഷോപ്പുകാർ കൊറിയർ വഴിയും ഇത്തരം മരുന്നുകൾ എത്തിക്കുന്നുണ്ട്.കലാലയ പരിസരങ്ങളിൽപൊടിപാറും വിൽപനകണ്ണൂർ കോർപറേഷൻ പരിധിയിലെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഒരു ടൗണിലെ മെഡിക്കൽ ഷോപ്പുകളിലെ മയക്കുഗുളികകളുടെ എണ്ണം അതിഭീമമാണ്.

അഞ്ചുവർഷം മുൻപ് ഒരു മെഡിക്കൽ ഷോപ്പ് തുടങ്ങിയ ഉടമ ഇപ്പോൾ രണ്ടുമെഡിക്കൽ ഷോപ്പുകൾ കൂടിതുടങ്ങാനുള്ള ഒരുക്കത്തിലാണ്. സാധാരണ ഗതിയിൽ ജീവനക്കാരെ വെച്ചു ഷോപ്പുനടത്തുന്നവർക്ക് ഇതിനു കഴിയുകയില്ലെന്നാണ് മെഡിക്കൽ രംഗത്തുള്ളവർ പറയുന്നത്. ഇത്തരം കടകളുടെ സ്‌റ്റോക്ക് ആൻഡ് സെയിൽ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് മാനസികരോഗികൾക്ക് നൽകുന്ന ചില മാരക മയക്കുഗുളികൾ ക്രമാതീതമായി വിറ്റഴിഞ്ഞതായി കണ്ടെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!