ശബരിമല തീർഥാടനം: ഹൈദരാബാദ്- കൊല്ലം സ്‍പെഷ്യൽ ട്രെയിൻ വേണം

കൊല്ലം: ശബരിമല സീസണിൽ ചെങ്കോട്ട റെയിൽപാത വഴി ഹൈദരാബാദിൽനിന്ന് കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം. പുനലൂർ റെയിൽവേ പാസഞ്ചർ അസോസിയേഷൻ എംപിമാർക്കും റെയിൽവെ ഉദ്യോഗസ്ഥർക്കും നിവേദനം നൽകി. തിരുപ്പതി, തിരുവണ്ണാമലൈ, മധുര തുടങ്ങിയ പ്രധാന പ്രദേശങ്ങളെ ഈ സർവീസ് ബന്ധിപ്പിക്കും.
കൂടാതെ തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്ന അയ്യപ്പഭക്തർക്ക് പുനലൂരിൽ എത്തിയാൽ പമ്പയിലേക്കും എരുമേലിയിലേക്കും വേഗത്തിൽ എത്താനാകും. വിരുദനഗർ മുതൽ കൊല്ലം വരെയുള്ള ഭാഗങ്ങളിലെ യാത്രക്കാർക്ക് ഇതു വലിയ നേട്ടമാകും. ബ്രോഡ്ഗേജ് ആയതിനുശേഷം ചെന്നൈ എഗ്മോർ -കൊല്ലം മെയിലിൽ തമിഴ്നാട് നിന്നുള്ള അയ്യപ്പഭക്തർ പുനലൂരിൽ ഇറങ്ങി പുനലൂർ കെഎസ്‌ആർടിസി ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന പമ്പ സ്പെഷ്യൽ സർവീസ് വഴി ശബരിമല, എരുമേലി ദർശനം നടത്താറുണ്ട്.
ഹൈദരാബാദിൽനിന്ന് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയാൽ ശബരിമല സീസണിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ചെങ്ങന്നൂർ, കോട്ടയം, തിരുവല്ല വഴി കേരളത്തിലേക്കു വരുന്ന ശബരിമല അയ്യപ്പഭക്തരുടെ യാത്രാതിരക്ക് ഒരു പരിധിവരെ കുറയ്ക്കാനാകും. കൊല്ലം- ചെങ്കോട്ട- പാതയിലെ പുനലൂർ ഉൾപ്പെടെയുള്ള വിവിധ റെയിൽവേ സ്റ്റേഷനുകൾക്ക് വരുമാനം വർധിക്കും. കൊല്ലം, മാവേലിക്കര, തെങ്കാശി ഉൾപ്പെടെയുള്ള വിവിധ എംപിമാർക്കും ദക്ഷിണ റെയിൽവേയ്ക്കും തിരുവനന്തപുരം -മധുര റെയിൽവേ ഡിവിഷൻ മാനേജർ ഉൾപ്പെടെ വിവിധ ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയിട്ടുണ്ട്.