ഹോട്ടലിന്‍റെ അടുക്കളയ്ക്കുള്ളിലെ സ്ലാബ് പൊട്ടി; ജീവനക്കാരി കിണറ്റില്‍വീണു

തൃശ്ശൂര്‍: അരണാട്ടുകര തോപ്പിന്‍മൂല ജങ്ഷനിലുള്ള വനിതാ ഹോട്ടലിലെ അടുക്കളയ്ക്കുള്ളിലെ സ്ലാബ് പൊട്ടി കിണറ്റില്‍ വീണ് ജീവനക്കാരിക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. അടുക്കളയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് സ്ലാബുവെച്ച് മറച്ചനിലയിലായിരുന്നു കിണര്‍. ഹോട്ടല്‍ ജീവനക്കാരിയായ ലാലൂര്‍ സ്വദേശി ഉഷ(46)യാണ് 30 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. അഗ്‌നിരക്ഷാസേനയെത്തി ഏണി ഇറക്കിയാണ് ഉഷയെ രക്ഷിച്ചത്.
വലിയ പരിക്കില്ലാതെ ഉഷയെ രക്ഷിക്കാന്‍ കഴിഞ്ഞതായി അഗ്‌നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി. സുരേഷ്‌കുമാര്‍ പറഞ്ഞു. ഹോട്ടലിനുള്ളില്‍ കിണറുള്ള വിവരം ജീവനക്കാര്‍പോലും അറിഞ്ഞിരുന്നില്ല. കഷ്ടിച്ച് ഒരാള്‍ക്കുമാത്രം നില്‍ക്കാനിടമുള്ള സ്ഥലത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നുവെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഉഷയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സകള്‍ നല്‍കി വിട്ടയച്ചു. പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്നറിയിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.എ. ജ്യോതികുമാര്‍, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ സി. അനന്തകൃഷ്ണന്‍, സി.എസ്. കൃഷ്ണപ്രസാദ്, ആര്‍. രാകേഷ്, വി. ജിമോദ്, ഹോം ഗാര്‍ഡ് സി. ശിവദാസന്‍, ഡ്രൈവര്‍ എ.എസ്. അനില്‍ജിത്ത്, ടി.ജി. ഷാജന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
പൊട്ടിയത് കാലപ്പഴക്കംമൂലം ദ്രവിച്ച സ്ലാബ്
കിണര്‍ മൂടിയിരുന്ന സ്ലാബിന്റെ ഒരു ഭാഗമാണ് പൊട്ടിവീണത്. തുടര്‍ന്ന് താഴെയുള്ള മണ്ണും ഇടിഞ്ഞു. കാലപ്പഴക്കംമൂലം ദ്രവിച്ചുതുടങ്ങിയ നിലയിലായിരുന്നു സ്ലാബെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറയുന്നു. വീഴാതെനിന്ന ഭാഗം കിണറ്റിലേക്ക് വീഴുമോയെന്ന ആശങ്കയും രക്ഷാപ്രവര്‍ത്തന സമയത്തുണ്ടായിരുന്നു. മാത്രമല്ല, ഇതിന്റെ വശത്തെ ഇടുങ്ങിയ സ്ഥലത്തുനിന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും. സ്ത്രീകള്‍ വാടകയ്‌ക്കെടുത്ത് നടത്തുന്ന ഹോട്ടലാണിത്.