പ്രതിരോധ ശേഷി കുറവ്; കുട്ടികളിലെ വൈറസ് രോഗം ജില്ലയിൽ കൂടുന്നു

കണ്ണൂർ: മൂക്കൊലിപ്പ്, ഇടവിട്ടുള്ള പനി, ചുമ തുടങ്ങി കുട്ടികൾക്കുണ്ടാകുന്ന വൈറസ് രോഗങ്ങൾ ജില്ലയിലും കൂടുന്നു. പ്ലേസ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങളിലാണ് പനി, ചുമ, ജലദോഷം എന്നിവ അടിക്കടിയുണ്ടാകുന്നത്. കുട്ടികൾ സ്കൂളുകളിൽ നിന്നു വീട്ടിലെത്തുമ്പോൾ മുതിർന്നവരിലേക്കും അസുഖം പടരുന്നുണ്ട്.
ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളിൽ പ്രതിരോധ ശേഷി വളരെ കുറവായതാണ് വൈറസ് രോഗങ്ങൾ പടരാനുള്ള കാരണം. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി കുട്ടികൾ വീട്ടിനുള്ളിലായിരുന്നതിനാൽ ഇത്തരം വൈറൽ രോഗങ്ങളുണ്ടാകുകയും അതിൽ നിന്നാർജിക്കുന്ന പ്രതിരോധ ശേഷി നേടുകയും ചെയ്തിട്ടില്ല.
പല വൈറസുകളിൽ നിന്നും കുട്ടികൾക്കു സംരക്ഷണം ലഭിക്കുന്നത് വൈറസ് സമ്പർക്കത്തിന്റെ ഭാഗമായി ശരീരത്തിൽ ആന്റിബോഡി രൂപപ്പെടുന്നതുവഴിയാണ്. ഇതു രണ്ടുവർഷമായി സംഭവിക്കാത്തതിനാൽ കുട്ടികളുടെ പ്രതിരോധ ശേഷി വളരെ കുറവാണ്.
വൈറൽ പനി, ലക്ഷണങ്ങൾ
മൂക്കൊലിപ്പ്, മൂക്കടപ്പ്, ചെറിയ പനി, വരണ്ട ചുമ എന്നിവ ലക്ഷണങ്ങളായുള്ള അപ്പർ റെസ്പിറേറ്ററി ഇൻഫക്‌ഷനാണ് ഇവയിൽ ഏറ്റവും കൂടുതലായി കാണുന്നത്. എന്നാൽ കഫക്കെട്ടാണ് (ലോവർ റെസ്പിറേറ്ററി ഇൻഫക്‌ഷൻ) കൂടുതൽ ശ്രദ്ധിക്കേണ്ടത്. മൂർച്ഛിച്ചാൽ ന്യുമോണിയയിലേക്കു പോകാം. അതിശക്തമായ പനി, ചുമ, ശ്വാസം എടുക്കുമ്പോൾ നെഞ്ചു താഴ്ന്നുപോകുക, ശ്വാസം മുട്ടൽ, ക്ഷീണം എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ.
അണുബാധ തടയാം
കൊറോണക്കാലത്ത് എടുത്തതു പോലുള്ള മുൻകരുതലുകൾ സ്വീകരിച്ചാൽ തുടർച്ചയായുള്ള അണുബാധ വരാതെ സൂക്ഷിക്കാം. മാസ്ക്, സാനിറ്റൈസർ എന്നീ ശീലങ്ങൾ തുടരണം. പനി പൂർണമായി മാറുന്നതു വരെ സ്കൂളിൽ പോകാതിരിക്കുക. ഇത് കൂടുതൽ കുട്ടികളിലേക്ക് രോഗം പകരുന്നതു തടയും.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ചെറിയ പനി മാത്രമാണെങ്കിൽ പാരസെറ്റമോൾ ഒരു ഡോസ്, മൂക്കടപ്പിന് സലൈൻ വാട്ടർ തുടങ്ങിയവ കൊടുക്കാമെങ്കിലും സ്വയം ചികിത്സ നടത്താതിരിക്കുന്നതാണു നല്ലതെന്ന് ഡോക്ടർമാർ പറയുന്നു. പഴയ കുറിപ്പടി വച്ച് ആന്റിബയോട്ടിക് അടക്കമുള്ള മരുന്നുകൾ വാങ്ങുന്ന രീതി ശരിയല്ല. എവിടെയാണ് അണുബാധയെന്ന് കൃത്യമായി കണ്ടെത്തണം. ആവശ്യമില്ലാതെ മരുന്നുകൾ കൊടുക്കാനും പാടില്ല. വൈറൽ അണുബാധയായതിനാൽ മിക്ക കേസുകളിലും ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല.
പ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണങ്ങൾ കുട്ടികൾക്കു നൽകണം. ധാരാളം വൈറ്റമിനുകളടങ്ങിയ തൈര് കുട്ടികൾക്കു കൊടുക്കാം. തൈര് കഴിക്കുന്നതു നല്ല ബാക്ടീരിയകളെ വർധിപ്പിക്കും. ആന്റി ഓക്സിഡന്റുകളടങ്ങിയ ബദാം ദിവസവും കൊടുക്കാം. ഇരുമ്പും പ്രോട്ടീനും അടങ്ങിയ മുട്ടയും ഉൾപ്പെടുത്താം. പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ റാഗിയും നൽകാം.
മധുരക്കിഴങ്ങിൽ പൊട്ടാസ്യവും നാരുകളും ധാരാളമായുണ്ട്. കാരറ്റ്, ചീര പോലുള്ള പച്ചക്കറികൾ, കശുവണ്ടി, നിലക്കടല, വാൾനട്ട്, ഉണക്കമുന്തിരി, അത്തിപ്പഴം എന്നിവയും നൽകാം. ശർക്കരയും പ്രതിരോധ ശേഷി വർധിപ്പിക്കും. കിവി, പേരയ്ക്ക, ഓറഞ്ച്, നെല്ലിക്ക തുടങ്ങിയ പഴങ്ങളും നൽകാം. ഇവയിൽ അടങ്ങിയ വൈറ്റമിൻ സി രോഗപ്രതിരോധ ശേഷി കൂട്ടും.