Breaking News
വാലിൽ കയർ കെട്ടി വെള്ളത്തിലിട്ട മീനിന്റെ അവസ്ഥ; വലിയപറമ്പിലെ തീരാക്കുരുക്ക്

വാലിൽ കയർ കെട്ടി വെള്ളത്തിലിട്ട മീനിന്റെ അവസ്ഥയാണു വലിയപറമ്പിന്. ചോദിച്ചാൽ കരയിലുമല്ല, പറഞ്ഞാൽ വെള്ളത്തിലുമല്ല. കരഭാഗവുമായുള്ള പൊക്കിൾക്കൊടി ബന്ധത്തിനു വലിയപറമ്പ് നൽകേണ്ടി വരുന്നതു വലിയ വിലയാണ്. 99 % വെള്ളത്താൽ ചുറ്റപ്പെട്ടിട്ടും ദ്വീപ് പദവിയില്ല. തീരദേശ പരിപാലന നിയമത്തിൽ ദ്വീപുകൾക്കു ലഭിക്കുന്നതിന്റെ ഒരു ഇളവും വലിയപറമ്പിനില്ല.
മുൻപ് വലിയപറമ്പ് പൂർണമായും ദ്വീപായിരുന്നു. കണ്ണൂർ ജില്ലയിലെ രാമന്തളി പഞ്ചായത്തിലെ ഏഴിമല ഭാഗത്തേക്കാണ് വലിയപറമ്പ് പ്രധാന കരഭാഗമായി യോജിക്കുന്നത്. മണ്ണിട്ട് ബണ്ടു പോലെ ആക്കിയതാണ്. ഏഴിമല നാവിക അക്കാദമി വന്നതോടെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഈ ഭാഗത്തു നിയന്ത്രണങ്ങൾ വരികയും ചെയ്തു. ഈ ഭാഗത്ത് 3 കിലോമീറ്ററോളം റോഡില്ല. അക്കരെ പോകാനുള്ള വഴികൂടി അടഞ്ഞതോടെ ആളുകൾ ദ്വീപിന്റെ തെക്കൻ മേഖലയിൽ നിന്നു മാറിക്കൊണ്ടിരിക്കുന്നുകടലിനും പുഴയ്ക്കുമിടയിൽ ഇവിടെ ഒരുപിടി ജീവനുകളുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീടു വയ്ക്കാൻ പോലും നിയമക്കുരുക്ക്……
കടലിന്റെ ഇരമ്പലും പുഴയുടെ ഓളങ്ങളുമാണു വലിയപറമ്പിൽ തീരത്തിന് അതിരിടുന്നത്. സുന്ദര തീരമാണെങ്കിലും ഇന്ന് വലിയ ആശങ്കകൾക്കു നടുവിലാണ് വലിയപറമ്പ്. തീരദേശ പരിപാലന നിയമം നടപ്പാക്കുമ്പോളുള്ള ആശങ്കളുടെ കരിനിഴൽ എല്ലാവരെയും തന്നെ ബാധിച്ചിരിക്കുന്നു.
തീരദേശ പരിപാലന നിയമത്തിൽ സോൺ ബി 3 ലാണ് വലിയപറമ്പ്.
കടലിൽ നിന്നു 200 മീറ്ററും കായലിൽ നിന്നു 100 മീറ്ററും വിട്ടുമാറി മാത്രമേ നിർമാണം പാടുള്ളൂ. പക്ഷേ, പ്രധാന കരയിൽ 50 മുതൽ 500 മീറ്റർ വരെ മാത്രമാണ് വീതിയുള്ളത്. ദ്വീപാണെങ്കിലും ദ്വീപിന്റെ പരിഗണന ഇല്ലാത്തതിനാൽ നിയമം കർക്കശമാണ്. 300 മീറ്ററിലധികം വീതിയുള്ള ഭാഗത്തേ പുതിയ നിർമാണ പ്രവർത്തനങ്ങൾ സാധിക്കൂ.
പഞ്ചായത്തിന്റെ തെക്കൻ മേഖലയാണ് വീതി കുറഞ്ഞ ഭാഗം. തൃക്കരിപ്പൂർ കടപ്പുറം, പാണ്ട്യാലക്കടപ്പുറം, കന്നുവീട് കടപ്പുറം, പൂച്ചാൽ കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ കര 100 മീറ്ററിലും താഴെയാണ്. മീൻ പിടിത്തം ഉൾപ്പെടെ തൊഴിലാളി വിഭാഗങ്ങൾ പ്രധാനമായും താമസിക്കുന്ന ഭാഗവും ഇവിടെയാണ്. സ്ഥലം വിൽക്കാൻ അവസരം കിട്ടിയാൽ മിക്കവരും അതിനു തയാറാണ്. ടൂറിസം സംരംഭകരും മറ്റുമായി ഒട്ടേറെപ്പേർ ഇത്തരത്തിൽ ഭൂമി വാങ്ങിയിട്ടുണ്ട്. എന്നാൽ ഇവിടെയൊന്നും അധിക നിർമാണം നടത്താൻ കഴിയില്ല.
ലൈഫ് പദ്ധതി പോലും പ്രതിസന്ധിയിൽ
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടെ പദ്ധതി ആനുകൂല്യങ്ങളിൽ ലഭിക്കുന്ന വീടുകൾ പോലും നിയമതടസ്സം മൂലം പണിയാൻ പറ്റുന്നില്ല. സിആർസെഡ് ജില്ലാതല സമിതിയുടെ അനുമതിയിൽ താൽക്കാലിക വീട്ടു നമ്പറിലാണ് പലരും വീടുണ്ടാക്കി താമസിക്കുന്നത്. കൂടുതൽ നികുതി നൽകിയാണിത്. വീടുണ്ടാക്കുന്നതിനു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നൊന്നും വായ്പ ലഭിക്കില്ല. ഇതുമൂലം സാമ്പത്തികമായി പിന്നാക്കമായ കുടുംബങ്ങളാണ് കയറിക്കിടക്കാൻ ഇടമില്ലാതെ ദുരിതപ്പെടുന്നത്.
നിയമത്തിൽ കുരുങ്ങി പദ്ധതി വീടുകൾ ലഭിക്കാതെ വരികയും സ്വന്തം നിലയിൽ പണിയുന്നതിനു വായ്പ ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. നിയമം ശക്തിപ്പെടും മുൻപ് പണിത, ശേഷി കുറഞ്ഞ വീടുകൾ പൊളിച്ചു മാറ്റാതെ ആശങ്കയോടെ പല കുടുംബങ്ങളും തകർന്നു തുടങ്ങിയ വീടുകളിൽ താമസം തുടരുന്നത് പുതുതായി പണിയാൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ്. ഈ വർഷം മാത്രം ലൈഫ് ഭവന പദ്ധതിയിൽ 236 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ വലിയൊരു ഭാഗവും നിയന്ത്രണ മേഖലയിൽ ഭൂമി ഉള്ളവരാണ്. നിലവിൽ 500 ൽ പരം പേർ വീടുണ്ടാക്കാൻ അപേക്ഷ നൽകി കാത്തിരിപ്പുണ്ട്.
കേൾക്കണം നാരായണിയുടെ വിലാപം
‘കഴിഞ്ഞ 4 വർഷമായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഭർത്താവും മകനും മരിച്ചു. സഹോദരനൊപ്പമാണു താമസം. ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണു പഴയ വീടു പൊളിച്ച് പുതിയതിന്റെ തറ കെട്ടിയത്..’ വലിയപറമ്പ് തൃക്കരിപ്പൂർ കടപ്പുറ 5ാം വാർഡിലെ കെ.വി.നാരായണി പറഞ്ഞു. താമസിച്ചിരുന്ന വീട് പഴകി നിലം പതിക്കുമെന്നായപ്പോൾ അറ്റകുറ്റപ്പണിക്കു സഹായം തേടി അധികൃതരെ സമീപിച്ചു. അങ്ങനെ പറ്റില്ലെന്നും വീടു പൊളിക്കണമെന്നും ജീവനക്കാർ പറഞ്ഞതനുസരിച്ച് നാരായണി അങ്ങനെ ചെയ്തു. വീണ്ടും സഹായമഭ്യർഥിച്ചു ചെന്നപ്പോൾ പുതിയ തറ കെട്ടണമെന്നായി. പലരിൽ നിന്നു കടം വാങ്ങി തറ കെട്ടി. പഴയ വീടിന്റെ അതേ അളവിൽ തന്നെയാണു ചെയ്തത്. എന്നാൽ തുടർന്നുള്ള പരിശോധനയിൽ തീരദേശ പരിപാലന നിയമ പ്രകാരം പുഴയിൽ നിന്നു മതിയായ ദൂരമില്ലെന്ന് പറഞ്ഞു. മുൻപ് വീടുണ്ടായിരുന്ന സ്ഥലത്ത് അധികൃതർ പറഞ്ഞിട്ടാണു പഴയ വീടു പൊളിച്ച് തറ കെട്ടിയതെന്നു നാരായണി പറയുന്നു. സിആർസെഡ് ജില്ലാ സമിതി പരിശോധിച്ചെങ്കിലും പിന്നെ ഒന്നും നടന്നിട്ടില്ല. വീടിനു തറ കെട്ടിയ സ്ഥലത്ത് തെങ്ങോല വീണും കാടു പിടിച്ചും കിടക്കുന്ന അവസ്ഥയാണ്.
മുടക്കിയ കോടികൾ വെള്ളത്തിൽ
വിനോദ സഞ്ചാരത്തിൽ അനന്ത സാധ്യതയുള്ള ഇടമാണ് വലിയപറമ്പ്. കേരളത്തിലെ ശുദ്ധിയാർന്ന കായലെന്നു പ്രഖ്യാതിയുള്ള കവ്വായി കായലിന്റെ ചന്തവും ദ്വീപിന്റെ മനോഹരമായ കിടപ്പും വിനോദ സഞ്ചാരികളെ ഹഠാദാകർഷിക്കുന്നുണ്ട്. സഞ്ചാരികളുടെയും പ്രകൃതി സ്നേഹികളുടെയും സ്വപ്നതീരം. വിദേശിയർ ഉൾപ്പെടെ അനേകം ടൂറിസ്റ്റുകൾ ഇവിടെ വന്നെത്തുണ്ട്. പക്ഷേ, ടൂറിസ്റ്റുകളെ വേണ്ടവിധം സ്വീകരിക്കാനുള്ള സംവിധാനങ്ങളൊന്നും ഇവിടെയില്ല.
തീരപരിപാലന നിയമത്തിലെ കടുകട്ടി ടൂറിസം വികസനത്തെയും സാരമായി ബാധിച്ചു. തീരത്തെത്തുന്ന ടൂറിസ്റ്റുകൾക്കായി ശുചിമുറി സംവിധാനം പോലും ഒരുക്കാൻ കഴിയാത്ത അവസ്ഥ. ടൂറിസം സംരഭകർ കയ്യൊഴിയുന്ന സ്ഥിതിയായി. മിനി റിസോർട്ടുകളും വില്ലകളും അങ്ങിങ്ങായി ഉണ്ടെങ്കിലും ഇതെല്ലാം അനധികൃത നിർമാണങ്ങളുടെ പട്ടികയിലാണ്. പൊളിച്ചു മാറ്റാൻ ഉത്തരവും വാങ്ങിയിരിക്കുന്ന കെട്ടിടങ്ങൾ. ആദ്യഘട്ടത്തിൽ ടൂറിസം സംരംഭകർ ആവേശത്തോടെയാണ് ഇവിടേക്കു കടന്നു വന്നത്. നിർമാണ രംഗത്ത് ഇളവുകളൊന്നും ലഭിക്കില്ലെന്നു വന്നതോടെ വന്നവരെല്ലാം അതേവഴി പോയി. തനതു വരുമാനത്തിൽ ഏറ്റവും പിന്നിലായ പഞ്ചായത്തിന്റെ പ്രധാന പ്രതീക്ഷയാണ് ടൂറിസം മേഖലയും അതിലെ വികസനവും. എന്നാൽ നിലവിൽ ഒരു രൂപ പോലും ഈ രംഗത്തു നിന്നു പഞ്ചായത്തിനു വരുമാനമില്ല. കവ്വായി കായലിലൂടെ വലിയപറമ്പിനെ വട്ടമിട്ട് നാൽപതിൽ പരം വഞ്ചി വീടുകൾ കടന്നു പോകുന്നുണ്ട്. മാവിലാക്കടപ്പുറം പുലിമുട്ട്, വലിയപറമ്പ് ബീച്ച്, തൃക്കരിപ്പൂർ കടപ്പുറം തുടങ്ങിയ മേഖലകൾ വിനോദ സഞ്ചാരത്തിൽ സാധ്യതയുള്ള പ്രദേശങ്ങളാണ്.
കുടിയിറക്കം
ഏഴിമല നാവിക അക്കാദമിയുടെ വരവോടെയാണ് തെക്കൻ മേഖലയിലെ കുടുംബങ്ങൾ ഇവിടം വിട്ട് മറ്റു ദിക്കുകളിലേക്കു കുടിയേറിത്തുടങ്ങിയത്. സംരക്ഷണ മേഖലയാക്കി കായൽ സഞ്ചാരം തടഞ്ഞതോടെയാണിത്. എങ്ങുംപോകാൻ കഴിയാത്ത സാഹചര്യം. മാടക്കാൽ ഭാഗത്താണ് മിക്കവരും കുടിയേറിയത്.
ഇടയിലക്കാട്, മാടക്കാൽ, വടക്കെക്കാട് എന്നിവയാണ് വലിയപറമ്പിലെ ജനവാസ തുരുത്തുകൾ. കാൽ നൂറ്റാണ്ടു മുൻപ് ഇടയിലക്കാട്, മാടക്കാൽ തുരുത്തുകളിലേക്കു അതതു തുരുത്തുകളിലെ മനുഷ്യരുടെ സ്വന്തം പ്രയത്നത്തിൽ ബണ്ടുകളുണ്ടാക്കുകയും റോഡ് ഗതാഗതം നിലവിൽ വരികയും ചെയ്തതോടെ ജീവിത സൗകര്യം മെച്ചപ്പെട്ടു.
വിനോദ സഞ്ചാര മേഖലയിൽ പ്രചാരം ലഭിച്ചതോടെ ജില്ലയ്ക്കു പുറത്തുള്ള പലരും വലിയ തോതിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. തെക്കൻ മേഖലയിൽ ഒട്ടേറെ വീടുകളാണ് ഇത്തരത്തിൽ കൈമാറിയത്. പലതും തകർന്നു വീഴാറായ സ്ഥിതിയിലാണ്. പണം മുടക്കി നിർമാണ പ്രവർത്തനങ്ങൾ നടത്തിയാൽ നിയമത്തിൽ ഇളവു ലഭിച്ചില്ലെങ്കിൽ അതു പൊളിച്ചു നീക്കേണ്ടി വരുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.
വലിയപറമ്പിന്റെ ചരിത്രം
കടലിനും കവ്വായി കായലിനും മധ്യത്തിൽ നീണ്ടുമെലിഞ്ഞ വലിയപറമ്പ് ദ്വീപ് കാസർകോട് ജില്ലയുടെ രൂപീകരണത്തിന് അൽപകാലം മുൻപുവരെയും തൃക്കരിപ്പൂർ, പടന്ന എന്നീ പഞ്ചായത്തുകളുടെ ഭാഗമായിരുന്നു. 1978 ലാണ് വലിയപറമ്പ് പഞ്ചായത്ത് രൂപം കൊണ്ടത്. 24 കിലോ മീറ്റർ ദൈർഘ്യമുള്ള വൻദ്വീപും ഇടയിലക്കാട്, മാടക്കാൽ, വടക്കെക്കാട് എന്നീ ഉപദ്വീപുകളും ഉൾപ്പെടുത്തിയാണു പഞ്ചായത്ത് രൂപീകരിച്ചത്.
പഞ്ചായത്ത് രൂപീകരിച്ചുവെന്നല്ലാതെ തനതു വരുമാനം സംപൂജ്യമായതിനാൽ വികസനം ഉൾപ്പെടെ വലുതായൊന്നും ചെയ്യാൻ കഴിയാത്തതായിരുന്നു താൽക്കാലിക പഞ്ചായത്ത് ഭരണസമിതിയും പിന്നാലെ വന്ന തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളും. നിലവിലും തനതു വരുമാനത്തിൽ കേരളത്തിൽ ഏറ്റവും പിന്നിലാണു വലിയപറമ്പ്. വടക്ക് തൈക്കടപ്പുറം അഴിക്കും തെക്ക് ഏഴിമലയ്ക്കും ഇടയിലായി പ്രധാന കരയുടെ വീതി കാലാന്തരത്തിൽ 22 കിലോമീറ്ററായി ചുരുങ്ങി.
പ്രശ്നം സിആർസെഡ് മാത്രമല്ല
തെക്കൻ മേഖലയിൽ കിണറുകളിൽ പലയിടത്തും ഉപ്പുകലർന്ന വെള്ളമാണ് ലഭിക്കുന്നത്. രാമന്തളി കരയിൽ കിണറും ടാങ്കും സ്ഥാപിച്ച് കായലിലൂടെ പൈപ്പുലൈൻ വലിച്ച് ഇവിടെ വിതരണം ചെയ്യുകയാണ്. പലപ്പോഴും കുടിവെള്ളം കിട്ടാത്ത സാഹചര്യം. പദ്ധതി വിപുലീകരിക്കുകയോ ബദൽ പദ്ധതി ഉണ്ടാക്കുകയോ ചെയ്യണമെന്ന നിരന്തര ആവശ്യം ബന്ധപ്പെട്ടവർ കേൾക്കുന്നേയില്ല. വടക്കൻ മേഖലയായ മാവിലാക്കടപ്പുറം ഭാഗത്ത് കായലിലെ അനധികൃത മണലൂറ്റ് നിമിത്തം ശുദ്ധജലക്ഷാമമുണ്ട്. മണലെടുപ്പുകാരും പ്രദേശവാസികളും തമ്മിൽ ഇതേച്ചൊല്ലിയുള്ള സംഘർഷവുമുണ്ട്.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന് പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന് പരിപാടിയില്‍ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്