വിഷ്ണുപ്രിയ കേസിൽ എല്ലാ പഴുതുമടയ്ക്കാനൊരുങ്ങി പൊലീസ്; പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് അപേക്ഷ നൽകും

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തും , പ്രതി വീട്ടിൽ നിന്നിറങ്ങി പോകുന്നത് കണ്ട അയൽവാസിയുമായിരിക്കും കേസിലെ സാക്ഷികൾ. ഇവരുടെ പ്രാഥമിക മൊഴി കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ഞായറാഴ്ച കോടതി അവധിയായതിനാൽ തളിപ്പറമ്പ് മുനിസിപ്പൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
ദീപാവലി അവധിയും കഴിഞ്ഞ് ഇന്ന് കോടതി ചേരുമ്പോഴാണ് പ്രതിയെ വിട്ടുകിട്ടാനുള്ള കസ്റ്റഡി അപേക്ഷ കൊടുക്കുക.കസ്റ്റഡിയിൽ കിട്ടിയാൽ ഉടൻ തന്നെ പ്രതിയെ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം വിഷണുപ്രിയയുടെ സംസ്കാരം നടക്കുന്നതിനാലാണ് തെളിവെടുപ്പ് നടത്താതിരുന്നത്. പ്രതി പിടിയിലായപ്പോൾ തന്നെ ആയുധങ്ങളടക്കമുള്ള എല്ലാ തെളിവുകളും കണ്ടെത്തിയിരുന്നു. ചുറ്റിക, കയ്യുറ, മാസ്ക്, ഇടിക്കട്ട, സ്ക്രൂ ഡ്രൈവർ, മുളക് പൊടി എന്നിവ വാങ്ങിയ കടകളിലും തെളിവെടുപ്പ് നടത്തും.
ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.