കയറ്റംകയറുമ്പോൾ തെന്നി; ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

പഴയങ്ങാടി: രാമപുരം കൊത്തി കുഴിച്ച പാറ റോഡിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്. മംഗളൂരുവിൽ നിന്ന് ഇരുമ്പയിരുമായി വരികയായിരുന്ന ലോറിയാണ് റോഡ് കയറ്റത്തിൽ തെന്നി സമീപത്തെ നടക്കൽ പത്മനാഭന്റെ വീടിന്റെ കളത്തിലേക്ക് മറിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടം. അപകട സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വലിയ അപകടം ഒഴിവായി.
സാധാരണ സമയങ്ങളിൽ വീട്ടുമുറ്റത്ത് ആളുകൾ ഉണ്ടാകുന്ന സമയമാണ്. വീടിന്റെ സംരക്ഷണ ഭിത്തി, കളത്തിന്റെ ഭാഗങ്ങൾ എന്നിവ തകർന്നു. വീട്ടുമുറ്റത്തെ ചെടികൾ, മരങ്ങൾ എന്നിവയും നശിച്ചു.
പരുക്കേറ്റ തിരുനെൽവേലി സ്വദേശി അജിത്ത് (32) നെ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ചെറിയ പരുക്കുണ്ട്.പരിയാരം, പഴയങ്ങാടി പൊലീസ് അധികൃതർ സ്ഥലത്തെത്തി. ഇത്തരത്തിലുളള ലോറി അപകടങ്ങൾ കൊത്തി കുഴിച്ച പാറ റോഡിൽ പതിവാകുകയാണെന്നും ഭാരം കയറ്റിയ വാഹനങ്ങൾ ദേശീയ പാത വഴി തിരിച്ച് വിടണം എന്നുമാണ് നാട്ടുകാർ പറയുന്നത്. മീറ്ററുകളോളം നീളത്തിൽ കുത്തനെയുളള കയറ്റവും ഇറക്കവും ആയതിനാൽ ഭാരം കയറ്റിയ വാഹനങ്ങൾ പലപ്പോഴും നിയന്ത്രണം വിടുകയും അല്ലെങ്കിൽ ലോറികളുടെ യന്ത്ര തകരാറിലാവുകയും ചെയ്യുന്നുവെന്ന് സമീപവാസികൾ പറയുന്നു.