Connect with us

Breaking News

വയനാട്ടില്‍ ബസ് തടഞ്ഞ് 1.40 കോടി രൂപ കവര്‍ന്നു; പ്രതികളെ സാഹസികമായി പിടികൂടി പോലീസ്

Published

on

Share our post

മാനന്തവാടി(വയനാട്): സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി 1.40 കോടി രൂപ കവര്‍ന്ന കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. വയനാട് പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ വീട്ടില്‍ സി. സുജിത്ത് (28), നടവയല്‍ കായക്കുന്ന് പതിപ്ലാക്കല്‍ ജോബിഷ് ജോസഫ് (23), ഏറണാകുളം മുക്കന്നൂര്‍ ഏഴാറ്റുമുഖം പള്ളിയാന വീട്ടില്‍ ശ്രീജിത്ത് വിജയന്‍ (25), കണ്ണൂര്‍ ആറളം ഒടാക്കല്‍ കാപ്പാടന്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (38), കോഴിക്കോട് സ്വദേശികളായ ബേപ്പൂര്‍ ഊണാര്‍വളപ്പ് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. ജംഷീദ് (37), ഫറോക്ക് രാമനാട്ടുകര കോമ്പിലായത്ത് വീട്ടില്‍ എം.എന്‍. മന്‍സൂര്‍ (30), മലപ്പുറം പുളിക്കല്‍ അരൂര്‍ ചോലക്കര വീട്ടില്‍ ടി.കെ. ഷഫീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.

ആദ്യ നാലുപ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചെ കര്‍ണാടക മാണ്ഡ്യയില്‍ നിന്നും മറ്റു മൂന്നുപേരെ ഞായറാഴ്ച അവരവരുടെ നാട്ടില്‍നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ഇനിയും ചിലരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെ 3.45-നാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയാണ് കവര്‍ച്ചയ്ക്കിരയായത്. 1.40 കോടി രൂപ കവര്‍ന്നെന്നാണ് ഇദ്ദേഹം പോലീസില്‍ നല്‍കിയ പരാതി. തോല്‌പെട്ടി ചെക്ക്പോസ്റ്റ് വഴി വന്ന ബസ് തിരുനെല്ലി- തെറ്റ്റോഡ് കവലയിലെത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച ചെയ്ത് സംഘം മടങ്ങുകയായിരുന്നു.

കഴിഞ്ഞ 12-നാണ് തിരുനെല്ലി പോലീസില്‍ പരാതി ലഭിച്ചത്. ഉടന്‍തന്നെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ചാണ് കേസ് അന്വേഷിച്ചത്. പ്രതികളെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്)റിമാന്‍ഡ് ചെയ്തു.

കവര്‍ച്ചക്കാരെ പിടികൂടിയത് സാഹസികമായി, ഇന്‍സ്‌പെക്ടറെ അപായപ്പെടുത്താനും ശ്രമം

മാനന്തവാടി: ബസ് തടഞ്ഞുനിര്‍ത്തി ഒന്നരക്കോടിരൂപ കവര്‍ന്ന കേസില്‍ പരാതി ലഭിച്ച് ദിവസങ്ങള്‍ക്കകം കേസിന് തുമ്പുണ്ടാക്കിയതിന്റെ ആശ്വാസത്തിലാണ് പോലീസ്. സംഭവത്തിന്റെ ഗൗരവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ തിരുനെല്ലി പോലീസ് മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനുമായി ബന്ധപ്പെട്ടിരുന്നു. തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജു, മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍ കരീം, കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ്, കമ്പളക്കാട് എസ്.ഐ. എന്‍.വി. ഹരീഷ് കുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയാണ് പോലീസ് ആദ്യം ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിച്ചത്. ഡിവൈ.എസ്.പി. ഉള്‍പ്പെടെ 18 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

കവര്‍ച്ച നടത്തിയശേഷം പ്രതികള്‍ മൈസൂരുവിലെ ശ്രീരംഗപട്ടണത്താണ് തങ്ങിയതെന്ന് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു. മൊബൈല്‍ഫോണ്‍ ലൊക്കേഷന്റെയും മറ്റും സഹായത്തോടെ അന്വേഷിച്ചപ്പോള്‍ കവര്‍ച്ചസംഘത്തിലെ കുറച്ചുപേര്‍ ഡല്‍ഹിയിലുണ്ടെന്ന് പോലീസ് മനസ്സിലാക്കി. ഡല്‍ഹിയില്‍നിന്ന് ഹൈദരാബാദ്-ബെംഗളൂരു വഴി മൈസൂരു ശ്രീരംഗപട്ടണത്തേക്ക് നാലംഗസംഘം യാത്ര തിരിച്ചിരുന്നു. ഇവരെ പിടികൂടാനായി പോലീസ് വെള്ളിയാഴ്ച മൂന്ന് സ്വകാര്യവാഹനങ്ങളിലായാണ് പുറപ്പെട്ടത്. അന്വേഷണസംഘം മാണ്ഡ്യയിലെത്തിയപ്പോഴേക്കും കവര്‍ച്ചസംഘം ശ്രീരംഗപട്ടണം വിട്ടെന്ന് മനസ്സിലാക്കി. എസ്.ഐ. ഹരിഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിന്തുടര്‍ന്ന് വിവരങ്ങള്‍ യഥാസമയം അന്വേഷണസംഘത്തിന് കൈമാറി. ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജു ഉള്‍പ്പെടുന്ന സംഘം മാണ്ഡ്യ സിറ്റിയില്‍നിന്ന് 10 കിലോമീറ്റര്‍ മാറിയും ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷും സംഘവും മാണ്ഡ്യ സിറ്റിയിലും നിലയുറപ്പിച്ചു. മാണ്ഡ്യ പോലീസിന്റെ സഹായത്തോടെ റോഡ് മുഴുവനായും അടച്ച് വാഹനപരിശോധന നടത്തുകയെന്നു ധരിപ്പിച്ചാണ് നാലുപേരെ സാഹസികമായി പിടികൂടിയത്. ജോബിഷായിരുന്നു കാറോടിച്ചിരുന്നത്. പോലീസാണെന്ന് മനസ്സിലായതോടെ തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജുവിനെ ഇടിച്ച് വാഹനം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ വലതുകാലിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങിയെങ്കിലും കാര്യമായ പരിക്കില്ല. വാഹനം വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കവര്‍ച്ചസംഘം സഞ്ചരിച്ച വാഹനം സമീപത്തുണ്ടായിരുന്ന വാഹനത്തിലും ഉരസിയിരുന്നു. ഈ വാഹനത്തിലുണ്ടായിരുന്നവരും ഇറങ്ങി കവര്‍ച്ചക്കാരെ പിടികൂടാന്‍ പോലീസിനെ സഹായിച്ചു.

മൂന്നംഗസംഘത്തെ ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മാനന്തവാടി സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അസി. സബ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എം. തല്‍ഹത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ യു. അല്‍ത്താഫ്, എം.എ. ഫിനു, കെ.കെ. വിപിന്‍, സി.കെ. നൗഫല്‍, എം.എ. അനസ്, ആര്‍. ദേവജിത്ത്, പി.ടി. സരിത്ത്, വി.പി. പ്രജീഷ്, കെ.കെ. സുഭാഷ്, സൈബര്‍ സെല്ലിലെ എ.ടി. ബിജിത്ത്ലാല്‍, മുഹമ്മദ് സക്കറിയ എന്നിവരും കേസന്വേഷണത്തില്‍ പങ്കെടുത്തു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!