ക്വാറിക്ക് പാരിസ്ഥിതികാനുമതി; നാട്ടുകാരുടെ വെള്ളംകുടി മുട്ടും

പ്രാപ്പൊയിൽ വർഷങ്ങൾമുമ്പ് അടച്ചുപൂട്ടിയ പാറോത്തുംനീർ മേലുത്താന്നിയിലെ ക്വാറി വീണ്ടും പ്രവർത്തിക്കാനുള്ള പാരിസ്ഥിതികാനുമതിക്കെതിരെ നാട്ടുകാർ. നൂറിലധികം കുടുംബങ്ങൾ കുടിവെള്ളത്തിനുൾപ്പെടെ ഉപയോഗിക്കുന്ന തോട് ഉത്ഭവിക്കുന്നത് ഇവിടെനിന്നാണ്. ക്വാറി പ്രവർത്തനം ആരംഭിച്ചാൽ വെള്ളം മലിനമാകും. തോട് ഒഴുകി പ്രാപ്പൊയിൽ പുഴയിൽ എത്തുന്നതോടെ അവിടുത്തെ വെള്ളവും ഉപയോഗിക്കാനാവില്ല.
കുടിവെള്ളം ഉൾപ്പെടെ മലിനമാകുന്നതുകൊണ്ടാണ് ക്വാറി പ്രവർത്തനം നിർത്തിയത്. സമീപത്തെ വീടുകൾക്ക് വിള്ളലുമുണ്ടായി. വീതി കുറഞ്ഞ പ്രാപ്പൊയിൽ- മേലുത്താന്നി റോഡിലൂടെ ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്നത് മറ്റ് വാഹനങ്ങൾക്ക് ഗതാഗത തടസം ഉണ്ടാക്കുകയും റോഡ് പൊട്ടിപ്പൊളിയാനും ഇടയാകും. ചെങ്കുത്തായ കയറ്റം ഉള്ളതിനാൽ ടൺ കണക്കിന് ലോഡ് കയറ്റി വരുന്ന സാഹചര്യം ഉണ്ടായാൽ അപകട സാധ്യത കൂട്ടും. ക്വാറിയുടെ തൊട്ട് മുകളിൽ കൂടിയാണ് 72 കുടുംബങ്ങൾ ഉപയോഗിക്കുന്ന ജലനിധി പൈപ്പ് ലൈൻ പോകുന്നത്.
പഞ്ചായത്തിലെ പാറോത്തുംനീർ വാർഡിൽ ഇതിനോടകംതന്നെ ഒരു ക്വാറി പ്രവർത്തിക്കുന്നുണ്ട്. ക്വാറി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.