ശ്രീകണ്ഠാപുരം നഗരം ഇനി അടിമുടി മാറും

ഇന്റര്‍ലോക്ക് വിരിച്ച നടപ്പാത, സായാഹ്നങ്ങളില്‍ വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍, രാത്രി യാത്രക്കാര്‍ക്കായി
പാതയോരത്ത് തെരുവ് വിളക്കുകള്‍… ശ്രീകണ്ഠാപുരം നഗരം ഇനി ഇത്തരം കാഴ്ച്ചകളാല്‍ മനോഹരമാകും. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച അഞ്ച് കോടി രൂപ ചെലവിലാണ് നഗരം സൗന്ദര്യവത്കരിക്കുന്നത്. ഇതിന്റെ ടെണ്ടര്‍ നടപടി പൂര്‍ത്തിയായി.
കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതിനൊപ്പം നാടിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പാലക്കയംതട്ട്, പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങി മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കൂടുതല്‍ പേരും ഇത് വഴിയാണ് കടന്ന് പോകുന്നത്. എന്നാല്‍ നഗരത്തില്‍ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാണ്. ഇത് പരിഹരിക്കാന്‍ ആദ്യഘട്ടത്തില്‍ കോട്ടൂര്‍ ഐ ടി ഐ ബസ് സ്റ്റോപ്പ് മുതല്‍ ചെങ്ങളായി ഭാഗത്തേക്ക് ശ്രീകണ്ഠപുരം നഗരസഭയുടെ അതിര്‍ത്തി വരെയും പയ്യാവൂര്‍ ഭാഗത്തേക്ക് കാക്കത്തോട് പാലം വരെയും ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കും.
തകര്‍ന്ന സ്ലാബുകള്‍ പുനര്‍ നിര്‍മിക്കുകയും ആവശ്യമെങ്കില്‍ ഡ്രൈനേജിന്റെ ഉയരം വര്‍ധിപ്പിക്കുകയും ചെയ്യും. ഡ്രൈനേജ് ഇല്ലാത്ത ഭാഗങ്ങളില്‍ പുതിയത് നിര്‍മ്മിച്ച് കവര്‍ സ്ലാബിട്ട് സുരക്ഷിതമാക്കും. ടൈല്‍, ഇന്റര്‍ലോക്ക് എന്നിവ വിരിച്ച് മനോഹരമാക്കുന്ന നടപ്പാതയില്‍ കൈവരിയും ഒരുക്കും. തണല്‍ മരങ്ങള്‍ക്ക് ചുറ്റും കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങള്‍, വഴിയാത്രക്കാര്‍ക്കായി നഗരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ടേക്ക് എ ബ്രേക്ക് കെട്ടിടത്തോട് ചേര്‍ന്ന് പൊതുമരാമത്ത് ഭൂമിയില്‍ ഓപ്പണ്‍ സ്റ്റേജ് എന്നിവയും സജ്ജമാക്കും. കൂടിച്ചേരലുകള്‍ക്കും പൊതു പരിപാടികള്‍ക്കുമാണ് സ്റ്റേജ് ഉപയോഗിക്കുക.
സുരക്ഷിതമായ രാത്രി യാത്രക്കും നഗരത്തെ കൂടുതല്‍ മനോഹരമാക്കാനും 50 ലക്ഷം രൂപ ചെലവില്‍ പാതയോരത്ത് തെരുവ് വിളക്കുകള്‍ സ്ഥാപിക്കും.
സൗന്ദര്യവത്കരണം പൂര്‍ത്തിയാകുന്നതോടെ വ്യാപാരകേന്ദ്രമായ ശ്രീകണ്ഠപുരത്തിന് ഏറെ മാറ്റമുണ്ടാകുമെന്നും ഒരു വര്‍ഷംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്നും സജീവ് ജോസഫ് എം എല്‍ എ പറഞ്ഞു.