ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ എച്ച്.എസ്.ആര്‍. ലേഔട്ടില്‍ മൂന്നംഗ മലയാളികുടുംബത്തെ വീട്ടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തേങ്കുറിശ്ശി മഞ്ഞളൂര്‍ സ്വദേശി സന്തോഷ് കുമാര്‍ (54), ഭാര്യ അമ്പലപ്പുഴ സ്വദേശിനി ഓമന (50), മകള്‍ സനുഷ (17) എന്നിവരാണ് മരിച്ചത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് കരുതുന്നതായും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. വീട്ടിനുള്ളില്‍നിന്ന് തീയാളുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നുപേരും മരിച്ചിരുന്നു. എച്ച്.എസ്.ആര്‍. ലേ ഔട്ട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സെയ്ന്റ് ജോണ്‍സ് ആശുപത്രിയിലേക്കു മാറ്റി. 20 വര്‍ഷത്തോളമായി ബെംഗളൂരുവില്‍ സ്ഥിരതാമസമായ സന്തോഷ് കുമാര്‍ ബൊമ്മനഹള്ളിയില്‍ എസ്.എല്‍.എന്‍. എന്‍ജിനിയറിങ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. നഗരത്തിലെ വിവിധയിടങ്ങളിലായായിരുന്നു താമസം. മൂന്നുമാസം മുമ്പാണ് ഇവര്‍ എച്ച്.എസ്.ആര്‍. ലേ ഔട്ടിലെ സോക്കര്‍ ക്ലബ്ബിന് സമീപത്തെ ഇരുനില വീടിന്റെ താഴത്തെ നില വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്. നഗരത്തിലെ സ്വകാര്യ പി.യു. കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സനുഷ.
വീട്ടിലുണ്ടായിരുന്ന സോഫ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എച്ച്.എസ്.ആര്‍. ലേ ഔട്ട് പോലീസ് അറിയിച്ചു.