ഗൂഗിള്‍ ആപ്പുകള്‍ നിര്‍ബന്ധമാക്കി, നീക്കം ചെയ്യാന്‍ പറ്റില്ല; ഗൂഗിളിന് ഇന്ത്യ നല്‍കിയത് കനത്ത പ്രഹരം

Share our post

വിപണികളില്‍ മേധാവിത്വം ഉറപ്പാക്കും വിധം ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിളിന് 1337.76 കോടിരൂപ പിഴചുമത്തിയിരിക്കുകയാണ് കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ. രാജ്യത്തെ ഇന്റര്‍നെറ്റ് മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന വന്‍കിട ടെക്ക് കമ്പനികള്‍ക്കുള്ള കനത്ത മുന്നറിയിപ്പായി മാറിയിരിക്കുകയാണ് ഈ നടപടി. പിഴശിക്ഷയ്ക്ക് പുറമെ ഇത്തരം പ്രവൃത്തികളില്‍ നിന്ന് നിശ്ചിത സമയത്തിനുള്ളില്‍ പിന്‍മാറണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ നിന്നുള്ള വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ വിവിധ കൂട്ടായ്മകളില്‍ നിന്ന് ലഭിച്ച പരാതികള്‍ അടുത്തിടെ ഒന്നിച്ച് പരിഗണിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു.

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ അസോസിയേഷന്‍, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആന്റ് ഡിജിറ്റല്‍ അസോസിയേഷന്‍, ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ കൂട്ടായ്മകള്‍ ഗൂഗിളിന്റെ വിപണിയിലെ പെരുമാറ്റത്തിനെതിരെ കമ്മീഷനില്‍ പരാതികള്‍ നല്‍കിയിരുന്നു.

കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്ത ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ (ഡിഎന്‍പിഎ). നിര്‍ണായകമായ നടപടിയാണിതെന്നും ജനാധിപത്യപരമായ ഇന്റര്‍നെറ്റ് രംഗത്തിന് വേണ്ടി ശരിയായ ദിശയിലുള്ള തീരുമാനമാണെന്നും പറഞ്ഞു. മാധ്യമസ്ഥാപനങ്ങളുമായി വരുമാനം പങ്കിടുന്നതിലുള്ള ഗൂഗിളിന്റെ രീതികളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകളെ ഇത് ശരിവെക്കുന്നുവെന്നും ഡിഎന്‍പിഎ കൂട്ടിച്ചേര്‍ത്തു.

ആന്‍ഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ടും പ്ലേ സ്റ്റോര്‍, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ ക്രോ, യൂട്യൂബ് എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ടും ഗൂഗിള്‍ പിന്തുടരുന്ന രീതികളെല്ലാം പിഴശിക്ഷ വിധിക്കും മുമ്പ് കമ്മീഷന്‍ പരിശോധിച്ചിരുന്നു.

2019-ലാണ് ഗൂഗിളിനെതിരേ അന്വേഷണം ആരംഭിച്ചത്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മിക്കുമ്പോള്‍ ‘ഗൂഗിള്‍ സെര്‍ച്ച്’ ഡീഫോള്‍ട്ടായി നല്‍കാന്‍ മൊബൈല്‍ഫോണ്‍ നിര്‍മാണക്കമ്പനികളെ ഗൂഗിള്‍ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി. ഇതിനായി മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് ഗൂഗിള്‍ സാമ്പത്തികവാഗ്ദാനങ്ങള്‍ നല്‍കരുതെന്നും നിര്‍ദേശിച്ചിരുന്നു.

ഈ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ആപ്പിളില്‍ നിന്ന് തങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഗൂഗിള്‍ കമ്മീഷന് മുന്നില്‍ ഉന്നയിച്ചിരുന്നു. ഇരു കമ്പനികളും തമ്മില്‍ എത്രത്തോളം മത്സരം നടക്കുന്നുണ്ടെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കമ്മീഷന്‍ പരിശോധിച്ചു. വിവിധ വിപണികളില്‍ ഗൂഗിളിന്റെ പുലര്‍ത്തിവരുന്ന ആധിപത്യം കമ്മീഷന് വ്യക്തമായിട്ടുണ്ട്.

വിപണിയില്‍ മെറിറ്റ് അടിസ്ഥാനത്തിലുള്ള മത്സരം നടക്കേണ്ടതുണ്ടെന്ന് ഗൂഗിളിന് പിഴശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കമ്മീഷന്‍ പറയുന്നു. ഗൂഗിളിനെ പോലുള്ള വന്‍കിട കമ്പനികളുടെ രീതികള്‍ ഇന്റര്‍നെറ്റ് രംഗത്തെ മറ്റ് സ്ഥാപനങ്ങളെ ബാധിക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു.

രാജ്യത്തെ വളര്‍ന്നുവരുന്ന ഇന്റര്‍നെറ്റ് പരിതസ്ഥിതിയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനും വിപണിയിലെ സ്വാധീനം ദുരുപയോഗം ചെയ്യുന്ന വന്‍കിട ടെക്ക് കമ്പനികളെ നിയന്ത്രിക്കാനുമുള്ള ശ്രമങ്ങള്‍ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.

ഗൂഗിളിനെതിരെ നടപടിക്ക് കാരണമായ നിയമ ലംഘനങ്ങള്‍ ഇവയാണ്

ഗൂഗിളിന്റെ സ്വന്തം ആപ്പുകള്‍ ഉള്‍പ്പെടുന്ന ‘ഗൂഗിള്‍ മൊബൈല്‍ സ്യൂട്ട്’ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിര്‍ബന്ധിതമാക്കിക്കൊണ്ടാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ എഗ്രിമന്റ് തയ്യാറാക്കുന്നത്. അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കില്ല. ഈ ആപ്പുകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന് വേണ്ടി ഉപകരണ നിര്‍മാതാക്കള്‍ക്ക് മേല്‍ അന്യായമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു.

ഓണ്‍ലൈന്‍ സെര്‍ച്ച് വിപണിയില്‍ തങ്ങളുടെ മേധാവിത്വം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ നടത്തി. ഇതിന്റെ ഭാഗമായി മറ്റ് സെര്‍ച്ചിങ് ആപ്പുകള്‍ക്ക് വിപണിയില്‍ മത്സരിക്കുന്നതിനുള്ള അവസരം നിഷേധിച്ചു.

ഓണ്‍ലൈന്‍ സെര്‍ച്ചില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുന്നതിന് ആന്‍ഡ്രോയിഡ് ഓഎസിന് വേണ്ടിയുള്ള ആപ്പ് സ്റ്റോര്‍ വിപണിയില്‍ തങ്ങളുടെ ആധിപത്യം കമ്പനി പ്രയോജനപ്പെടുത്തി.

ഗൂഗിള്‍ ക്രോമിനും യൂട്യൂബിനും പ്രാമുഖ്യം ലഭിക്കുന്നതിനും ഈ മേഖലകളില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുന്നതിനും ആപ്പ് സ്റ്റോര്‍വിപണിയിലെ ആധിപത്യം ഉപയോഗിച്ചു.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള ആപ്പുകള്‍ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നതുവഴി ആന്‍ഡ്രോയിഡ് ഫോര്‍ക്കുകള്‍ എന്ന് വിളിക്കുന്ന ആന്‍ഡ്രോയിഡിന്റെ മറ്റ് പതിപ്പുകള്‍ ഉപയോഗിച്ച് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനും വില്‍ക്കുന്നതില്‍ നിന്നും മറ്റ് ഉപകരണ നിര്‍മാതാക്കളെ നിയന്ത്രിച്ചു.

ഇന്റര്‍നെറ്റ് രംഗത്ത് ആഗോള തലത്തില്‍ വലിയ രീതിയില്‍ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ഗൂഗിള്‍ ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികള്‍. ഡാറ്റ ഉപയോഗം, വരുമാനം പങ്കുവെക്കല്‍, സ്വകാര്യത, വിപണിയിലെ മത്സരം തുടങ്ങി നിരവധി മേഖലകളില്‍ തങ്ങളുടെ ആധിപത്യത്തിന്റെ ആനുകൂല്യം പിന്‍പറ്റിയുള്ള കമ്പനികളുടെ നടപടികളാണ് ഇപ്പോള്‍ അധികൃതര്‍ ചോദ്യം ചെയ്യുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!