ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ പരിശോധന ശക്തമാക്കും
കണ്ണൂര്‍: ജില്ലയില്‍ ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വില്‍പ്പനയും തടയാന്‍ പരിശോധന ഊര്‍ജ്ജിതമാക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.ഇതിനായി ജി എസ് ടി വകുപ്പ്, ആര്‍ ടി ഒ, പൊലീസ് തുടങ്ങിയവര്‍ പരിശോധന ശക്തിപ്പെടുത്തും. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും ഹരിത ഓഫീസ് ആക്കാനുള്ള നടപടി സ്വീകരിക്കണം. വലിച്ചെറിയല്‍ മുക്ത ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് തുടങ്ങണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
വകുപ്പുകള്‍ നടത്തുന്ന പരിപാടികളില്‍ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. കണ്ണൂരിലേത് മാതൃകാ കലക്ടറേറ്റാക്കാന്‍ ഓഫീസുകളിലെ മാലിന്യ നിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് കമ്മിറ്റികളും ഓഫീസ് തല ശുചിത്വ കമ്മിറ്റികളും രൂപീകരിക്കും. ഓഫീസിലെ മാലിന്യങ്ങള്‍ അവരുടെ ഉത്തരവാദിത്തമായി കണ്ട് അതത് ഓഫീസ് തന്നെ കൈകാര്യം ചെയ്യുന്ന രീതിയാണ് സ്വീകരിക്കുക. ഓരോ മാസവും പ്രവര്‍ത്തനം വിലയിരുത്തി വൃത്തിയായി സൂക്ഷിക്കുന്ന ഓഫീസിനും ഓഫീസര്‍ക്കും പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്കും പുരസ്‌കാരം നല്‍കും.
ഭക്ഷണം, കടലാസ്, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിക്കുന്നതിന് ഓഫീസുകളില്‍ സംവിധാനം ഒരുക്കണം. ഏജന്‍സികള്‍ മുഖേന ഇവ നീക്കം ചെയ്യും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം കെ കെ ദിവാകരന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി ബീന, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.