കോടികളുടെ ‘ഡീൽ’; ഐഫോണിനെ ആകർഷിച്ച് കേന്ദ്രം; ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’യുടെ കാലം?

‘മെയ്ഡ് ഇൻ ജപ്പാൻ’– പേനയായാലും ടോർച്ചായാലും പണ്ട് ഇത്രയും കണ്ടാൽ മതി, ആരും വീഴും. സംഗതി കൊള്ളാം. ക്വാളിറ്റി ഉറപ്പാണ്. ജപ്പാനു പിന്നാലെ മെയ്ഡ് ഇൻ ചൈന വന്നു, മെയ്ഡ് ഇൻ തയ്‌വാൻ വന്നു, പിന്നാലെ പലരും വരുന്നു. ഇത്തരം വിദേശ നിർമിത ബ്രാൻഡുകളുടെ പിന്നാലെ ഇന്ത്യക്കാരും നിരന്നു. അന്നൊക്കെ ഇതെല്ലാം ചുമ്മാ കണ്ടുകൊണ്ട് ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന ബ്രാൻഡും നിലനിന്നു. പക്ഷേ ഇപ്പോൾ കാലം മാറി. നോക്കിയിരിക്കെ ഐ ഫോൺ നിർമാണം ഇന്ത്യയിലേക്ക് വന്നു. ഇനി അറിയേണ്ടത് ഒന്നു മാത്രം. മെയ്ഡ് ഇൻ ഇന്ത്യ ഗുണമേന്മയുടെ രാജ്യാന്തര ബ്രാൻഡാകുമോ?
ഐ ഫോൺ നിർമാണം ഇന്ത്യയിലെത്തുമ്പോൾ ഈ ചോദ്യങ്ങൾ കൂടി ‘അൺ ബോക്സ്’ ആകുന്നു. ഐ ഫോൺ ഓരോ വേരിയന്റും ഇറങ്ങുന്നത് ലോകത്ത് ഉൽസവമാണ്. ഇപ്പോൾ ഐഫോൺ നിർമാണം ഇന്ത്യയിൽ എത്തുന്നതും വാസ്തവത്തിൽ ഉൽസവമായിരിക്കുന്നു; വിപണിക്കും ഉപഭോക്താക്കൾക്കും. ഗുണമേന്മയുടെ അവസാന വാക്കായ ഐ ഫോണിനൊപ്പം മറ്റ് രാജ്യാന്തര ബ്രാൻഡുകളും ഇന്ത്യയിലേക്ക് വരുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. മെയ്ഡ് ഇൻ ഇന്ത്യ ആകുമ്പോൾ ഐ ഫോണിനടക്കം വില കുറയുമോ ? അതേസമയം നിർമാണം ഇന്ത്യയിൽ എത്തുമ്പോൾ നിലവാരം കൂടുമോ, അതോ കുറയുമോ? എന്തുകൊണ്ടാണ് വിദേശ കമ്പനികൾ ഇപ്പോൾ ഇന്ത്യയിലേക്ക് വരുന്നത്? ഐ ഫോണിലെ ‘ഐ’ ഇനി മുതൽ ഇന്ത്യയുടെ ചിഹ്നമാകുമോ ?