രോഗ പരിശോധനക്കും ചികിത്സക്കും കാതങ്ങള്‍ താണ്ടി ആശുപത്രിയിലെത്തേണ്ട സ്ഥിതി ഇപ്പോള്‍ ജില്ലയിലെ ആദിവാസികള്‍ക്കില്ല. ഇവരുടെ ക്ഷേമം തേടി ഊരുകളില്‍ എത്തുകയാണ് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്. മലയോരത്തെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ആരംഭിച്ച ഈ യൂണിറ്റ് ഇപ്പോള്‍ ഇവരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണത്തിനൊപ്പം സാമൂഹിക-സാംസ്‌കാരിക വിദ്യാഭ്യാസ ഉന്നമനത്തിന പ്രവര്‍ത്തനങ്ങളിലും നിരന്തരം ഇടപെടുന്നുവെന്നതാണ് ആയുഷ് ട്രൈബല്‍ യൂണിറ്റിനെ വ്യത്യസ്തമാക്കുന്നത്.
ആതുരസേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ മൂന്ന് വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച പദ്ധതിയാണ് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആദിവാസി കോളനികളില്‍ രണ്ടാഴ്ചയില്‍ ഒരു തവണ സന്ദര്‍ശനം നടത്തി രോഗികള്‍ക്ക് തുടര്‍ച്ചയായുള്ള ചികിത്സ ഉറപ്പാക്കുന്നു. ഭാരതീയ ചികിത്സ വകുപ്പ് ഡി എം ഒ, നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ 2019ല്‍ ആരംഭിച്ച യൂണിറ്റ് ആദിവാസികളുടെ ചികിത്സാരംഗത്ത് വഹിക്കുന്ന പങ്ക് ചെറുതല്ല. 36397 രോഗികള്‍ക്കാണ് മൂന്നു വര്‍ഷം കൊണ്ട് ചികിത്സ ലഭ്യമാക്കിയത്. ഇതില്‍ 12879 പേര്‍ക്ക് ആയുര്‍വേദവും 11789 പേര്‍ക്ക് ഹോമിയോയും 11729 പേര്‍ക്ക് സിദ്ധ ചികിത്സയുമാണ് നല്‍കിയത്.
ഐ ടി ഡി പിയുടെ സഹായത്തോടെ ജില്ലയിലെ 15 പഞ്ചായത്തുകളില്‍ നിന്നും ഏറെ പിന്നോക്കം നില്‍ക്കുന്ന 36 കോളനികളാണ് പദ്ധതിയിലേക്ക് തെരെഞ്ഞെടുത്തത്. തില്ലങ്കേരി, മുഴക്കുന്ന്, പേരാവൂര്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ചിറ്റാരിപ്പറമ്പ്, പയ്യാവൂര്‍, പടിയൂര്‍, ഉളിക്കല്‍, എരമം-കുറ്റൂര്‍, പെരിങ്ങോം-വയക്കര, ചെറുപുഴ ഗ്രാമപഞ്ചായത്തുകള്‍, ഇരിട്ടി നഗരസഭ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത കോളനികളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.സമീപത്ത് ആശുപത്രികള്‍ ഇല്ലാത്തതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ കോളനികള്‍ക്ക് ട്രൈബല്‍ യൂണിറ്റിന്റെ സേവനം ആശ്വാസമാണ്. ഫോണ്‍ മുഖേന മുന്‍കൂട്ടി സ്ഥലവും സമയവും അറിയിച്ചാണ് യൂണിറ്റിന്റെ വരവ്. ആറളം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി കേന്ദ്രീകരിച്ചാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം. ഓരോ രോഗിക്കും പ്രത്യേക കേസ് ഷീറ്റ് ഇവരുടെ കൈവശമുണ്ട്.
ആവശ്യമായ മരുന്നുകളും ഒപ്പം കരുതും. ആയുര്‍വേദ, സിദ്ധ, ഹോമിയോ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന.വിളര്‍ച്ച, ചര്‍മ്മ രോഗങ്ങള്‍, പുകയിലയുടെ ഉപയോഗം, പുകവലി മൂലമുള്ള രോഗങ്ങള്‍ തുടങ്ങിയവയാണ് കൂടുതലായി കണ്ടു വരുന്നതെന്ന് യൂണിറ്റിലെ ഡോ. എസ് ഷീജ പറയുന്നു. ആരോഗ്യത്തിന് ഹാനികരമായ ഇത്തരം വസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഇവരെ ബോധവത്ക്കരിക്കുന്നുണ്ട്. ഡോ. എസ് ഷീജ ( ആയുര്‍വേദം), ഡോ. എ അഭിന (സിദ്ധ), ഡോ. ജയപ്രഭ മുണ്ടവളപ്പില്‍ (ഹോമിയോ) എന്നിവരാണ് പരിശോധന നടത്തുന്നത്. സഹായികളായി കെ എന്‍ അഭിജിത്, ജി എസ് മഞ്ജുള, ഡ്രൈവര്‍ സുധീഷ് എന്നിവരും ഒപ്പമുണ്ട്.
കോളനി നിവാസികളുടെ പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിനും ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇല്ലാതാക്കുന്നതിനും അവരുടെ മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി യൂണിറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ സി അജിത്കുമാര്‍ പറഞ്ഞു. ആവശ്യമുള്ള സ്ഥലങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം, സ്‌പെഷ്യാലിറ്റി ക്ലിനിക് ഉള്‍പ്പെടെ നടത്തി കോളനി നിവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.