പുനരുപയോഗിക്കാവുന്ന പ്ലാസ്‌റ്റിക് ശേഖരണം: കണ്ണൂർ മുന്നിൽ

കണ്ണൂർ: പുനരുപയോഗിക്കാവുന്ന പ്ലാസ്‌റ്റിക് ശേഖരിക്കുന്നതിൽ ജില്ല മുന്നിൽ. തൃശൂർ ജില്ലയാണ് രണ്ടാംസ്ഥാനത്ത് . 10,750 ടൺ പ്ലാസ്‌റ്റിക്കാണ് ജില്ലയിൽനിന്ന് ഹരിതകർമസേന ഒരു വർഷത്തിനുള്ളിൽ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. മാസം ശരാശരി 200മുതൽ 300ടൺവരെ മാലിന്യം ശേഖരിച്ച് കൈമാറുന്നുണ്ട്. ജില്ലയിൽനിന്ന് ശേഖരിച്ച അജൈവമാലിന്യങ്ങൾ നൂറ് ശതമാനവും കയറ്റുമതിചെയ്‌തു. പെരളശേരി, എരഞ്ഞോളി, കതിരൂർ, ചെമ്പിലോട്, കരിവെള്ളൂർ-–- പെരളം, കണ്ണപുരം, മയ്യിൽ, മുണ്ടേരി പഞ്ചായത്തുകളിൽനിന്നും ആന്തൂർ നഗരസഭയിൽനിന്നുമാണ് കൂടുതലായും പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ശേഖരിച്ചത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് ഇവയിൽ കൂടുതലും. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 20 പഞ്ചായത്തുകളിലും ബെയ്‌ലിങ് യന്ത്രം സ്ഥാപിച്ചു. ഇതോടെ ഹരിതകർമസേന കൂടുതൽ പ്ലാസ്റ്റിക് ശേഖരിച്ച് യന്ത്ര സഹായത്തോടെ ബണ്ടിലുകളാക്കി സൂക്ഷിക്കുന്നുണ്ട്. ജില്ലയിലെ വിവിധ ആർആർഎഫിൽ ശേഖരിച്ച പ്ലാസ്റ്റിക് കോയമ്പത്തൂരിൽനിന്നാണ് റീസൈക്കിൾ ചെയ്യുന്നത്. കസേര, പോളിസ്റ്റർ സാരി, ടാർപോളിൻ ഷീറ്റുപോലുള്ള ഉൽപ്പന്നങ്ങൾ നിർമിക്കാനാണ് ഇവ ഉപയോഗിക്കുക.
ഒരു മാസം കുപ്പി, ഗ്ലാസ് എന്നിവ 200–-220 ടൺവരെ ശേഖരിക്കുന്നുണ്ട്. പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യം 200–-300ടൺ ഓരോ മാസവും ക്ലീൻ കേരള നീക്കം ചെയ്യുന്നുണ്ട്. ഗാർബേജ് ആപ്പ് വഴിയുള്ള പ്ലാസ്‌റ്റിക് ശേഖരണം ആരംഭിച്ചതോടെ വളരെ വേഗത്തിൽ മാലിന്യനീക്കം നടക്കുന്നുണ്ട്.