ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; 13 കാരിയായ മകളെയും വെട്ടി

ഒറ്റപ്പാലം: കോതകുറുശിയിൽ ഉറങ്ങി കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഗാന്ധിനഗർ കിഴക്കേപുരയ്ക്കൽ രജനി(37) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് കൃഷ്ണദാസനെ(48) പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകൾ അനഘയെ(13) വെട്ടേറ്റ നിലയിൽ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു കൊലപാതകം. ഭാര്യയും ഭർത്താവും തമ്മിലുണ്ടായിരുന്ന തർക്കങ്ങളാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന രജനിയെ വെട്ടുകത്തി ഉപയോഗിച്ചാണു വെട്ടിയത്. തുടർന്ന് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മകളെയും വെട്ടി.
രജനിയുടെ കഴുത്തിലും താടിയിലുമാണു വെട്ടേറ്റത്. അനഘയുടെ തലയ്ക്കും കഴുത്തിലുമാണു പരുക്ക്. സമീപത്തു തന്നെ താമസിക്കുന്ന, കൃഷ്ണദാസന്റെ സഹോദരൻ മണികണ്ഠൻ നിലവിളി കേട്ട് ഓടിയെത്തി ആയുധം ബലമായി പിടിച്ചു വാങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ കൃഷ്ണദാസന്റെ കയ്യിലും മുറിവേറ്റു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി. പൊലീസിന്റെ ശാസ്ത്രീയ പരിശോധന വിഭാഗങ്ങൾ സ്ഥലത്തെത്തി തെളിവെടുത്തു. അഭിനന്ദ് കൃഷ്ണ, അഭിരാം കൃഷ്ണ എന്നിവരാണു ദമ്പതികളുടെ മറ്റു മക്കൾ.