പറന്നുയർന്ന വിമാനം തിരിച്ചിറക്കി, യാത്ര റദ്ദാക്കി; വൻ പ്രതിഷേധം

Share our post

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ഡൽഹിക്കു പോകാൻ ടേക്ക് ഓഫ് ചെയ്ത വിമാനം 10 മിനിറ്റ് കഴിഞ്ഞ് തിരിച്ചിറക്കി, യാത്ര റദ്ദാക്കി. ഇതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. ഇന്നലെ രാവിലെ 9.50നു കണ്ണൂരിൽ നിന്നു പറന്നുയർന്ന എയർ ഇന്ത്യയുടെ നമ്പർ എഐ 425 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. 135 യാത്രക്കാരാണു വിമാനത്തിൽ ഉണ്ടായിരുന്നത്. 2 മണിക്കൂർ കഴിഞ്ഞു വീണ്ടും ഡൽഹിയിലേക്കു തിരിക്കും എന്ന് എയർലൈൻ അധികൃതർ യാത്രക്കാരോടു പറഞ്ഞു.

എന്നാൽ, സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്ര നാളത്തേക്കു മാറ്റിയെന്നു യാത്രക്കാരെ അറിയിച്ചു. തുടർന്നു യാത്രക്കാർ എയർലൈൻ പ്രതിനിധികളുമായി വാക്തർക്കത്തിലായി. പിന്നീട് യാത്രക്കാർ ഒന്നടങ്കം വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഡൽഹി വഴി യൂറോപ്യൻ രാജ്യങ്ങളിലേക്ക് അടക്കം കുടുംബത്തോടെ യാത്ര ചെയ്യേണ്ടവർ ഉണ്ടായിരുന്നു ഇതിൽ. അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവർ, ജോലി അഭിമുഖത്തിനായി പോകുന്നവർ, വലിയ തുക കൊടുത്ത് തൊട്ടു മുൻപത്തെ ദിവസം ടിക്കറ്റ് ബുക്ക് ചെയ്തവർ എന്നിവരും പ്രയാസത്തിലായി. 

മറ്റൊരു വിമാനം എത്തിച്ച് ഇന്നലെത്തന്നെ ആളുകളെ ഡൽഹിയിൽ എത്തിക്കണമെന്നു യാത്രക്കാർ വാശിപിടിച്ചെങ്കിലും യാത്ര ഇന്നത്തേക്കു മാറ്റി. ഇന്നു കണ്ണൂർ – ഡൽഹി സെക്ടറിൽ എയർ ഇന്ത്യയുടെ 2 ഫ്ലൈറ്റ് സർവീസ് ഉണ്ടാകും. ‘തകരാർ പരിഹരിച്ച് ഉച്ചയ്ക്കു മുൻപ് യാത്ര തുടരാനായിരുന്നു പരിശ്രമം. എന്നാൽ സാധിച്ചില്ല. പകരം എയർക്രാഫ്റ്റും ലഭ്യമായിരുന്നില്ല. യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. ഇന്ന് ഇതേ വിമാനം ഡൽഹിയിലേക്ക് ആളുകളെയും കൊണ്ടുപോകും. മറ്റു വിമാനത്തിൽ ഡൽഹിയിലേക്ക് യാത്ര ചെയ്തവർക്കു മുഴുവൻ തുകയും റീഫണ്ട് ചെയ്തു നൽകും’ എയർ ഇന്ത്യ സ്റ്റേഷൻ മാനേജർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!