കണ്ണൂരിൽ ക്ഷേത്രത്തിൽ വൻ കവർച്ച; തിരുമുഖങ്ങളും ഭണ്ഡാരങ്ങളും കവർന്നു

Share our post

കണ്ണൂർ : ചൊക്ലിയിൽ മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വൻ കവർച്ച. പഞ്ചലോഹത്തിൽ തീർത്ത ദേവീവിഗ്രഹത്തിലെ രണ്ട് തിരുമുഖങ്ങൾ മോഷണം പോയി. ഭണ്ഡാരങ്ങൾ തകർത്ത് പണവും കവർന്നു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണു സംഭവമാദ്യം കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെയും പൊലീസിനെയും വിവരം അറിയിച്ചു.

കോവിലിനകത്തേക്കുള്ള പ്രവേശന കവാടം തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. മോഷണം നടത്താൻ ഉപയോഗിച്ച മഴു, മുട്ടി, ആയുധങ്ങൾ തുടങ്ങിയവ ക്ഷേത്രമുറ്റത്തും സമീപത്തുമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊക്ലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

പഞ്ചലോഹ തിടമ്പും സൂര്യപ്രഭയും ഇളക്കിമാറ്റിയ നിലയിലാണ്. ക്ഷേത്രസന്നിധിക്ക് അകത്തുള്ള മൂന്ന് ഭണ്ഡാരങ്ങളും ക്ഷേത്രത്തിനു പുറത്തുള്ള രണ്ടു ഭണ്ഡാരങ്ങളും തകർത്ത് പണം കവർന്നിട്ടുണ്ട്. മലബാർ ദേവസ്വം കമ്മിഷണർ, എക്സിക്യൂട്ടീവ് ഓഫിസർ, ക്ഷേത്രം ഭാരവാഹികൾ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!