കനിവ് 108 ആംബുലന്‍സിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കും

Share our post

തിരുവനന്തപുരം: കനിവ് 108 ആംബുലന്‍സിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കും.ആസ്പത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാന്‍ വിവരങ്ങള്‍ തത്സമയം അറിയിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ പ്രത്യേക മോണിറ്റര്‍ സ്ഥാപിക്കുന്നതാണ്. പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

ഒരു രോഗി 108 ആംബുലന്‍സില്‍ പ്രവേശിക്കപ്പെട്ടാല്‍ രോഗിയുടെ വിവരം, അപകട വിവരം, രോഗിയുടെ അവസ്ഥ, ആംബുലന്‍സ് വരുന്നതിന്റെ വിവരം, ആസ്പത്രിയില്‍ എത്തുന്ന സമയം എന്നിവയെല്ലാം മോണിറ്ററില്‍ തത്സമയം തെളിയും. ഇതിലൂടെ ആസ്പത്രിയിലുള്ളവര്‍ക്ക് അതനുസരിച്ച് ക്രമീകരണം നടത്താനും വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും സാധിക്കും. കണ്‍ട്രോള്‍ റൂമില്‍ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

കനിവ് 108 ആംബുലന്‍സില്‍ വിളിക്കുന്ന ആളിന്റെ ലൊക്കേഷന്‍ തിരിച്ചറിയാനുള്ള സംവിധാനവും ആരംഭിക്കുന്നതാണ്. 108ലേക്ക് വിളിക്കുമ്പോള്‍ വിളിക്കുന്ന ആളിന്റെ ഫോണിലേക്ക് ഒരു മെസേജ് വരും. ആ മെസേജില്‍ ക്ലിക്ക് ചെയ്താല്‍ കണ്‍ട്രോള്‍ റൂമിന് അപകടം നടന്ന സ്ഥലത്തിന്റെ ശരിയായ വിവരങ്ങള്‍ ലഭ്യമാകും. ഈ വിവരങ്ങള്‍ ആ സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലന്‍സില്‍ എത്തുന്നു. ഇതിലൂടെ വഴിതെറ്റാതെ വേഗത്തില്‍ സ്ഥലത്തെത്താന്‍ സാധിക്കുന്നു.

സേവനം ആരംഭിച്ച് ഇതുവരെ 5,86,723 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത്. ഇതില്‍ 3,45,447 ട്രിപ്പുകള്‍ കോവിഡ് അനുബന്ധ സേവനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. കോവിഡ് കഴിഞ്ഞാല്‍ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങളില്‍ പെട്ടവര്‍ക്ക് (42,862) വൈദ്യ സഹായം എത്തിക്കാന്‍ ഓടിയ ട്രിപ്പുകളാണ് അധികം. ഇതുവരെ കോവിഡ് രോഗബാധിതരായ 3 പേരുടെ ഉള്‍പ്പടെ 70 പേരുടെ പ്രസവങ്ങള്‍ കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.

ഓരോ 108 ആംബുലന്‍സും നിയന്ത്രിക്കുന്നത് പരിചയ സമ്പന്നരായ ഡ്രൈവറും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും ചേര്‍ന്നാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററിലേക്കാണ് 108 ലേക്ക് വരുന്ന ഓരോ വിളികളും എത്തുന്നത്. ഇവിടെ നിന്ന് വിളിക്കുന്ന വ്യക്തിയുടെ പേര്, രോഗിയുടെ വിവരങ്ങള്‍, എന്ത് അത്യാഹിതം ആണ് സംഭവിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം ജി.പി.എസിന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ അടുത്തുള്ള കനിവ് 108 ആംബുലന്‍സ് വിന്യസിക്കുന്നതാണ് രീതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!