കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടമാറ്റിക് വെൻഡിങ് മെഷീൻ ഉടൻ പ്രവർത്തന സജ്ജമാകും

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റ് കൗണ്ടറിൽ നിന്ന് അൺ റിസർവ്ഡ് ടിക്കറ്റ് നൽകാനുള്ള സൗകര്യം ഒരുക്കുമെന്ന് റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് അറിയിച്ചു. 2 ദിവസത്തിനുള്ളിൽ ഓട്ടമാറ്റിക് വെൻഡിങ് മെഷീനും പ്രവർത്തന സജ്ജമാക്കും. ജൻ സാധാരൺ ടിക്കറ്റ് ബുക്കിങ്(ജെടിബിഎസ്) കൗണ്ടർ നടത്തിപ്പിനു റെയിൽവേ സ്ഥലത്ത് സൗകര്യം ഒരുക്കി നൽകും. റെയിൽവേ പാർക്കിങ് ഏരിയയിലോ റെയിൽവേ കവാടത്തിലോ ഇതിനുള്ള സൗകര്യം ഒരുക്കാനാണു ലക്ഷ്യമിടുന്ന തെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കേടായ ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനു(എടിവിഎം) പകരം പുതിയ മെഷീനുകൾ രാജ്യവ്യാപകമായി നൽകും. ജീവനക്കാർ കുറവുള്ള ഇടങ്ങളിൽ ജോലി ക്രമീകരണത്തിലൂടെ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. തിരക്കുള്ള സമയത്ത് ടിക്കറ്റ് കൗണ്ടറുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. റെയിൽവേ സ്റ്റേഷനിൽ എത്തി കഴിഞ്ഞാലും ടിക്കറ്റ് എടുക്കാവുന്ന വിധത്തിൽ അൺ റിസർവ്ഡ് ടിക്കറ്റിങ് സർവീസ് (യുടിഎസ്) സേവനം പരിഷ്കരിക്കും.
ട്രെയിനുകളിലെ ദുരിതയാത്ര സംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇടപെടലുമായി കൃഷ്ണദാസിന്റെ പ്രഖ്യാപനം. കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടം ഉൾപ്പെടെ അടച്ചു പൂട്ടിയ ടിക്കറ്റ് കൗണ്ടർ തുറക്കാൻ റെയിൽവേ തയാറായിട്ടില്ല. വിരമിച്ചും സ്ഥലം മാറിയും പോയ ടിക്കറ്റ് ബുക്കിങ് വിഭാഗത്തിലെ ജീവനക്കാർക്കു പകരം നിയമനം നടത്താത്തതാണ് കൗണ്ടറുകളുടെ എണ്ണം കുറയാൻ കാരണം. റെയിൽവേ സ്റ്റേഷന്റെ ഇരു കവാടങ്ങളിലും ഉണ്ടായിരുന്ന 2 വീതം ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങൾ പലപ്പോഴും പ്രവർത്തിക്കാറില്ല.
യന്ത്രങ്ങൾ ലഭ്യമാക്കിയ മുംബൈ ആസ്ഥാനമായ കമ്പനിയുടെ സേവനം അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ കൃത്യമായി ലഭിക്കാത്തതാണ് തടസ്സം. 2 രൂപ അധികം നൽകിയാൽ ടിക്കറ്റ് ലഭിക്കുന്ന ജൻ സാധാരൺ ടിക്കറ്റ് ബുക്കിങ് സേവനം മിക്കയിടത്തും മുടങ്ങി. മുറി വാടക, വൈദ്യുതി നിരക്ക്, ഇന്റർനെറ്റ് വാടക, കംപ്യൂട്ടർ, പ്രിന്റർ, ജീവനക്കാരുടെ ശമ്പളം തുടങ്ങി ജെടിബിഎസ് സംവിധാനം നടത്തിക്കൊണ്ടു പോകാനുള്ള ചെലവ് താങ്ങാവുന്നതിലേറെയായതാണു നടത്തിപ്പുകാരെ പ്രതിസന്ധിയിലാക്കുന്നത്.
പാലക്കാട് ഡിവിഷനിലെ മിക്ക സ്റ്റേഷനുകളിലും ജെടിബിഎസ് കൗണ്ടറുകളുടെ സ്ഥിതി ഇതാണ്. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, ബിജെപി നേതാക്കളായ ബിജു ഏളക്കുഴി, കെ.രഞ്ചിത്ത്, അർച്ചന വണ്ടിച്ചാൽ, യു.ടി.ജയന്തൻ, അരുൺ കൈതപ്രം എന്നിവർ കൃഷ്ണദാസിന് ഒപ്പമുണ്ടായിരുന്നു. സ്റ്റേഷൻ മാസ്റ്റർ കെ.സജിത്ത്, സെക്‌ഷൻ ചീഫ് സൂപ്രണ്ട് ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ കൃഷ്ണദാസിനെ സ്വീകരിച്ചു.