പേ വിഷബാധയ്ക്കതിരെ 3 കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ

Share our post

തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് പേ വിഷബാധയ്ക്കതിരെ മൂന്ന് കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ (12) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

പാൽ വാങ്ങാൻ പോകവേ കഴിഞ്ഞ 14ന് പെരുനാട് കാർമൽ എൻജിനീയറിങ് കോളജ് റോഡിലായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. രണ്ട് കാലിനുമായി ആറിടത്തും മുഖത്ത് കണ്ണിനോടു ചേർന്നും നായ കടിച്ചു. പത്തനംതിട്ട ജനറൽ ആസ്പത്രിയിൽ നിന്ന് ആദ്യത്തെ വാക്സിൻ എടുത്തു. രണ്ട് വാക്സിൻ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നുമാണ് സ്വീകരിച്ചത്.

നാലാമത്തെ വാക്സിൻ ഈ മാസം 10ന് എടുക്കണമെന്ന് ആസ്പത്രിയിൽ നിന്ന് അറിയിച്ചിരുന്നു. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച പത്തനംതിട്ടയിലെ സ്വകാര്യ ആസ്പത്രിയിൽ കൊണ്ടു പോയി. എക്സ്റേ എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് വീട്ടിൽ വിട്ടു. ഇന്നലെ വൈകിട്ട് കുട്ടിയുടെ നില കൂടുതൽ വഷളായി. വായിൽ നിന്ന് പത വരികയും ദൃഷ്ടി മുകളിലേക്ക് മറഞ്ഞു തുടങ്ങുകയും ചെയ്തു. ഉടൻ പത്തനംതിട്ട ജനറൽ ആസ്പത്രിയിൽ എത്തിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്ന് കണ്ടതിനെ തുടർന്ന് രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജ് ആസ്പത്രിയിലേക്ക് അയച്ചു. മൈലപ്ര എസ്.എച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അഭിരാമി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!