പേരാവൂർ താലൂക്കാസ്പത്രി മാസ്റ്റർപ്ലാനിനെതിരെയുള്ള ഹൈക്കോടതിയിലെ കേസിൽ പൊതുപ്രവർത്തകൻ കക്ഷി ചേർന്നു

പേരാവൂർ: താലൂക്കാസ്പത്രിയുടെ മാസ്റ്റർപ്ലാൻ പ്രാവർത്തികമാക്കുന്നതിനെതിരെ സ്വകാര്യവ്യക്തികൾ ഹൈക്കോടതിയിൽ നല്കിയ കേസിൽ കക്ഷി ചേരുന്നതിന് പൊതുപ്രവർത്തകൻ ഹർജി നല്കി.പേരാവൂർ മടപ്പുരച്ചാൽ സ്വദേശിയും പൊതുപ്രവർത്തകനുമായ ബേബി കുര്യനാണ് കേസിൽ കക്ഷി ചേരുന്നതിന് അഡ്വ. ബിമല ബേബി മുഖാന്തിരം ഹർജി സമർപ്പിച്ചത്.
ആയിരക്കണക്കിന് നിർധന രോഗികളുടെ ആശ്രയമായ പേരാവൂർ താലൂക്കാസ്പത്രിയുടെ വികസനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർ കോടതിയിൽ സമർപ്പിച്ച തെറ്റായ വിവരങ്ങൾക്കെതിരെ തെളിവുകൾ നല്കാൻ തയ്യാറാണെന്ന് ബേബി കുര്യൻ ഹർജിയിൽ പറയുന്നു. ആസ്പത്രി വികസനം തടസ്സപ്പെടുത്താനും മാസ്റ്റർപ്ലാൻ ഇല്ലാതാക്കാനും വസ്തുതകൾ മറച്ച് വെച്ച് കോടതി ഉത്തരവ് സമ്പാദിക്കാനുള്ള ചിലരുടെ നീക്കത്തിനെതിരെയാണ് താൻ കേസിൽ കക്ഷി ചേരുന്നതെന്ന് ബേബി കുര്യൻ ഹർജിയിൽ ബോധിപ്പിച്ചു.
അതേസമയം, ആസ്പത്രി ഭൂമിയിലെ വഴിയുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുന്നതിനെതിരെ ലതാ രവീന്ദ്രനും ഡോ.എ.സദാനന്ദനും നല്കിയ കേസിലെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒരു മാസം കൂടി നീട്ടി നല്കി. 2021 ജൂലായ് 14 നാണ് ഹൈക്കോടതിയിൽ ഇരുവരും കേസ് നല്കിയത്.