തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് നോർക്ക റൂട്ട്സ് സ്കോളർഷിപ്പ്
നോർക്കയുടെ സ്കോളർഷിപ്പോടെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാൻ അവസരം. നോർക്ക റൂട്ട്സും ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും ചേർന്നു നടത്തുന്ന ഐ.ടി. അനുബന്ധ മേഖലകളിലെ കോഴ്‌സുകളിലാണ് പഠനം.
മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ്, സോഫ്റ്റ്‌വേർ ടെസ്റ്റിംഗ്, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗോളതലത്തിൽ ഐ.ടി. അനുബന്ധ തൊഴിൽമേഖലകളിൽ ജോലികണ്ടെത്താൻ യുവതീയുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ്. ഫീസിന്റെ 75% നോർക്ക-റൂട്ട്സ് സ്കോളർഷിപ്പാണ്.
കോവിഡ് മൂലം തൊഴിൽ നഷ്ടമായവർക്കും അവസാനവർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒക്ടോബർ ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 10. പ്രായപരിധി 45 വയസ്സ്. https://ictkerala.org/courses എന്ന വെബ്സൈറ്റിൽ വിവരങ്ങളുണ്ട്.
പൊതു അഭിരുചിപ്പരീക്ഷയിൽ വെർബൽ, ന്യൂമെറിക്കൽ, ലോജിക്കൽ അഭിരുചി എന്നിവ വിലയിരുത്തും. ഇതിനു പുറമേ, ഡാറ്റ മാനിപ്പുലേഷൻ, പ്രോഗ്രാമിങ് ലോജിക്, കംപ്യൂട്ടറിന്റെ അടിസ്ഥാനകാര്യങ്ങൾ, രാജ്യാന്തര വിഷയങ്ങളിൽ അധിഷ്ഠിതമായ ചോദ്യങ്ങളുമുണ്ടാകും. വിദ്യാർഥികൾക്ക് ലിങ്ക്ഡിൻ ലേണിങ് ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാവും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് 125 മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ഇന്റേൺഷിപ്പ് ഉണ്ടാകും.
