കാലിത്തീറ്റ വിൽക്കാൻ ലൈസൻസ് നിർബന്ധം

സംസ്ഥാനത്ത് വിതരണംചെയ്യുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താനും നിർമാണം നിയന്ത്രിക്കാനുമായി നിയമം വരുന്നു. ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം എന്നിവയുടെ ഉത്‌പാദനവും വിതരണവും നിയന്ത്രിക്കാൻ ലൈസൻസ് കർശനമാക്കുന്ന വ്യവസ്ഥകളുള്ളതാണ് മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയിൽ അവതരിപ്പിച്ച ബിൽ. തീറ്റകൾ നിർമിക്കാനും വിൽക്കാനുമുള്ള ലൈസൻസിന് മൂന്നുവർഷമാണ് കാലാവധി. പരിശോധനയ്ക്ക് ലബോറട്ടറികളെ എം പാനൽ ചെയ്യുന്നതിനൊപ്പം തീറ്റയുത്‌പാദനകേന്ദ്രങ്ങളിൽ പരിശോധന നടത്താനും സാമ്പിളുകൾ ശേഖരിക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം നൽകും.
ഉമി, ജന്തുജന്യവസ്തുക്കൾ, യൂറിയ, അമോണിയ, റോക്ക് ഫോസ്‌ഫേറ്റ് തുടങ്ങിയവ കാലിത്തീറ്റയിലും കോഴിത്തീറ്റയിലും ഉപയോഗിക്കുന്നത് നിരോധിക്കും. വ്യാജ ഉത്‌പന്നങ്ങൾ വിറ്റാൽ ആദ്യതവണ അരലക്ഷം രൂപയും രണ്ടാമത്തെ തവണ രണ്ടുലക്ഷം രൂപയുമാണ് പിഴ. ആവർത്തിച്ചാൽ അഞ്ചുലക്ഷം രൂപയും ഒരുവർഷം തടവും ലഭിക്കാം. നിലവിൽ സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ തീറ്റകളുടെ ഗുണനിലവാരം പരിശോധിക്കാൻ മതിയായ സംവിധാനമില്ലാത്ത സ്ഥിതിയാണ്. ഇതരസംസ്ഥാനത്തുനിന്നെത്തുന്ന നിലവാരം കുറഞ്ഞതും മായം കലർന്നതുമായ തീറ്റകൾ കന്നുകാലികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നതായി പരാതിയുയർന്നിരുന്നു.
മിൽമയും കേരള ഫീഡ്സുമാണ് നിലവിൽ സംസ്ഥാനത്ത് കാലിത്തീറ്റ നിർമിക്കുന്നത്. കാലിത്തീറ്റ ഉത്‌പാദനത്തിൽ സംസ്ഥാനത്തിന് സ്വയംപര്യാപ്തത കൈവരിക്കാനായിട്ടില്ല. ഈ പശ്ചാത്തലത്തിൽ നിരവധി സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റകൾ വിപണിയിൽ ലഭിക്കുന്നുണ്ട്. ഇതിനുപുറമേ കോഴിത്തീറ്റയുടെയും ചോളപ്പൊടി, പിണ്ണാക്ക്, തവിട് തുടങ്ങിയ വിവിധതരം ബദൽ തീറ്റകളുടെയും ഗുണനിലവാരം ഉറപ്പുവരുത്താനും ലൈസൻസ് നിർബന്ധമാക്കാനും നിയമത്തിൽ വകുപ്പുകളുണ്ടാകും. കഴിഞ്ഞവർഷം ഇതുസംബന്ധിച്ച് ഇറക്കിയ ഓർഡിനൻസ് നാലുതവണ പുതുക്കിയിരുന്നു. ഇത് വീണ്ടും പുതുക്കാൻ ഗവർണർ വിസമ്മതിച്ചതോടെയാണ് ബില്ലായി സഭയിൽ അവതരിപ്പിച്ചത്.