പാലിന്റെ ഗുണനിലവാരം ഉറപ്പിക്കാൻ പരിശോധന ക്യാമ്പ്
കണ്ണൂർ : മായം കലർന്ന പാലിന്റെ വരവ് തടയാൻ കണ്ണൂർ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗം ഓണക്കാല ഊർജ്ജിത പാൽ പരിശോധന ക്യാമ്പ് തുടങ്ങി. കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പളളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് പാലിന്റെ ആവശ്യകത വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഉപഭോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന പാലിന്റെ ഗുണമേന്മ സൗജന്യമായി പരിശോധിക്കാനുളള സൗകര്യം ക്യാമ്പിലുണ്ട്. പരിശോധനക്ക് വരുന്നവർ 200 മില്ലി പാൽ കൊണ്ടുവരണം. ക്യാമ്പ് സെപ്റ്റംബർ ഏഴിന് ഉച്ചക്ക് 12 വരെ തുടരും.
ക്ഷീര കർഷക ക്ഷേമനിധി ബോർഡംഗം കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജിജ.സി.കൃഷ്ണൻ, ക്വാളിറ്റി കൺട്രോൾ ഓഫീസർ പി.പി. സുനൈന, ക്ഷീര വികസന ഓഫീസർമാരായ വി.കെ. നിഷാദ്, എം.വി. ജയൻ എന്നിവർ സംസാരിച്ചു.