പുഴയിൽ കാണാതായ 20കാരന്റെ മൃതദേഹം കണ്ടെത്തി

Share our post

ഊർങ്ങാട്ടിരി: കിണറടപ്പ് വള്ളിപ്പാലം ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിണറടപ്പൻ സ്വദേശി വിഷാഖ് (20) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് യുവാവിന്റെ വസ്ത്രങ്ങളും മറ്റും ചെറുപുഴയുടെ കരയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സംശയം ഉയർന്നതോടെ പ്രദേശവാസികൾ ഉടൻ പുഴയിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ശേഷം തിരുവാലി അഗ്നിരക്ഷാ നിലയത്തിലും അരീക്കോട് പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്സും എടവണ്ണ എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വൈകുന്നേരം ആറുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.

തുടർന്ന് ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് തോട്ടുമുക്കം പാലത്തിനു സമീപത്തുനിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വിഷാഖിന് അപസ്മാരം ഉണ്ടായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം.

മൃതദേഹം അരീക്കോട് പൊലീസ് ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ഒരാഴ്ചയായി പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നു. ഇതേതുടർന്ന് ചെറുപുഴയിൽ ജലനിരപ്പ് കുറവാണെങ്കിലും വലിയ രീതിയിലുള്ള ഒഴുക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിശാഖിനെ കാണാതായ സ്ഥലത്തുനിന്ന് ഒരുപാട് ദൂരം മാറിയാണ് മൃതദേഹം കണ്ടെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!