വിവാഹവീട്ടില്‍നിന്ന് 10 പവനോളം സ്വര്‍ണം മോഷണം പോയി
വിവാഹവീട്ടില്‍ നിന്ന് പത്തുപവനോളം സ്വര്‍ണാഭരണം കവര്‍ന്നു. മുട്ടിൽ മാണ്ടാട് സ്വദേശിനി വലിയ പീടിയേക്കല്‍ പാത്തുമ്മയുടെ വീട്ടിലാണ് മോഷണം. സെപ്റ്റംബര്‍ 25-ന് നടക്കുന്ന മകളുടെ വിവാഹത്തിന് വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്.
വ്യാഴാഴ്ച അര്‍ധരാത്രിക്കുശേഷമാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം വീട്ടുകാരറിയുന്നത്. കിടപ്പുമുറിയിലെ അലമാര തുറന്നുകിടന്നിരുന്നു. വീട്ടുകാരുടെ ശബ്ദംകേട്ടതോടെ ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി. വിവരം അറിഞ്ഞയുടന്‍ കല്പറ്റ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇവര്‍ക്കുണ്ടായിരുന്ന 10 സെന്റ് ഭൂമി വിറ്റാണ് വിവാഹത്തിന് പത്തുപവനോളം സ്വര്‍ണം വാങ്ങിയത്. സംഭവസമയത്ത് പാത്തുമ്മയും മകള്‍ സാജിതയും മൂത്തമകളുടെ മകളുംമാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അടുക്കളയുടെ ഭാഗത്തുള്ള ഓട് മാറ്റിയാണ് മോഷ്ടാവ് വീട്ടിനുള്ളില്‍ കയറിയതെന്നാണ് പ്രാഥമിക നിഗമനം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.