ന്യൂഡൽഹി: സ്ത്രീകളിലെ ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കാൻ തദ്ദേശീയ വാക്സിൻ വികസിപ്പിച്ച് ഇന്ത്യ. സിറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്‌നോളജി വകുപ്പും ചേർന്ന് വികസിപ്പിച്ച ‘ക്വാഡ്രിലൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്‌സിൻ-സെർവാവാക്’ (ക്യൂ.എച്ച്.പി.വി.) ശാസ്ത്ര-സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ് സിങ് ബുധനാഴ്ച പുറത്തിറക്കും. 90 ശതമാനം ഫലപ്രാപ്‌തി അവകാശപ്പെടുന്ന വാക്സിൻ ഒമ്പതുമുതൽ പതിന്നാലുവരെ വയസ്സുള്ള പെൺകുട്ടികളിലാണ് കുത്തിവെക്കുക.
ആദ്യഡോസ് ഒമ്പതാംവയസ്സിലും അടുത്ത ഡോസ് 6-12 മാസത്തിനിടയിലുമാണ് കുത്തിവെക്കേണ്ടത്. പതിനഞ്ചുവയസ്സിനു മുകളിലുള്ളവരാണെങ്കിൽ മൂന്ന് ഡോസ് വാക്‌സിൻ സ്വീകരിക്കണം. ക്യൂ.എച്ച്.പി.വി.യിൽ വൈറസിന്റെ ഡി.എൻ.എ.യോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാൽ പാർശ്വഫലങ്ങളുമുണ്ടാകില്ലെന്ന് സിറംഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ പറഞ്ഞു.
ഗർഭാശയഗള അർബുദം
സ്തനാർബുദം കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന അർബുദമാണ് ഗർഭാശയഗള അർബുദം.
ഈ രോഗത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ അവബോധം കുറവാണെന്നത് ഒരു വലിയ പ്രശ്നമാണ്. അതുകൊണ്ട് ഇത് തടയാനുള്ള മാർഗങ്ങളെക്കുറിച്ചും പലർക്കുമറിയില്ല. ഹ്യൂമൻ പാപിലോമ വൈറസാണ് (എച്ച്.പി.വി.) 77 ശതമാനം സെർവിക്കൽ അർബുദത്തിനും കാരണം. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 70 ശതമാനം സെർവിക്കൽ കാൻസറും എച്ച്.പി.വി. 16, എച്ച്.പി.വി. 18 എന്നീ വൈറസ് മൂലമാണുണ്ടാകുന്നത്.
80 ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോൾ ഹ്യൂമൻപാപിലോമ വൈറസ് അണുബാധയുണ്ടാകാം. ഈ വൈറസുകൾ സെർവിക്കൽ അർബുദത്തിന് മാത്രമല്ല, മലദ്വാരത്തിലും വായിലും തൊണ്ടയിലും അർബുദത്തിന് കാരണമായേക്കാം. സാധാരണ 15 മുതൽ 20 വർഷംവരെയെടുക്കും അണുബാധമൂലം സെർവിക്കൽ അർബുദം ഉണ്ടാവാൻ. പക്ഷേ, പ്രതിരോധശേഷി കുറഞ്ഞവരിൽ അഞ്ചു മുതൽ പത്തുവർഷംകൊണ്ട് വരാം.
മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന അർബുദമാണിത്. ഗർഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് അർബുദത്തിന് കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിന് 10-15 വർഷംമുമ്പുതന്നെ അർബുദത്തിന് കാരണമാകുന്ന കോശമാറ്റങ്ങൾ ഗർഭാശയഗളത്തിൽ നടക്കും. അതുകൊണ്ട് സ്‌ക്രീനിങ്ങിലൂടെ കോശമാറ്റങ്ങൾ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനുംപറ്റും. ലൈംഗികബന്ധത്തിനുശേഷം രക്തസ്രാവമുണ്ടാകുക, ആർത്തവങ്ങൾക്കിടയ്ക്കുള്ള സമയത്തെ രക്തംപോക്ക് എന്നിവ ഗർഭാശയഗള അർബുദത്തിന്റെ ലക്ഷണമാവാം. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ ഗർഭാശയഗള അർബുദമാണോ എന്നറിയാൻ സ്‌ക്രീനിങ് നടത്തണം. പാപ്‌സ്മിയറാണ് ഗർഭാശയഗള അർബുദത്തിന്റെ പ്രധാന സ്‌ക്രീനിങ് പരിശോധന. വേദനയോ പാർശ്വഫലങ്ങളോ ഇല്ലാത്തതും വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്.
നഗ്നനേത്രങ്ങൾക്കൊണ്ട് ഗർഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യപടി. പിന്നീട് ഗർഭാശയമുഖത്തിന്റെ അകത്തും പുറത്തുമുള്ള കോശങ്ങൾ സ്ഫാറ്റുല എന്ന ഉപകരണംകൊണ്ട് ശേഖരിച്ചു പരിശോധിക്കും. ഈ കോശങ്ങളെ സൂക്ഷ്മനിരീക്ഷണിയിലൂടെ മാറ്റങ്ങളുണ്ടോയെന്നു നോക്കുന്നു. പാപ് സ്മിയറിൽ എന്തെങ്കിലും പ്രകടമായ മാറ്റം കണ്ടാൽ കോൾപ്പോസ്കോപ്പി പരിശോധന നടത്താം. എച്ച്.പി.വി. ടെസ്റ്റും സ്‌ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗർഭാശയഗളഅർബുദത്തിന് കാരണമാകുന്ന എച്ച്.പി.വി. ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടുവർഷംമുതൽ പാപ്‌സ്മിയർ നടത്താം. ആദ്യ മൂന്നു വർഷത്തിൽ എല്ലാ പ്രാവശ്യവും തുടർന്ന് 65 വയസ്സുവരെ മൂന്നു വർഷത്തിലൊരിക്കലും പരിശോധ നടത്തേണ്ടതാണ്.
ഇതിൽ പാപ്‌സ്മിയർ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പരിശോധനയാണ്. കേരളത്തിൽ ഗൈനക്കോളജിസ്റ്റുകളുള്ള ഒട്ടുമിക്ക ആസ്പത്രികളിലും സൗകര്യമുണ്ട്. ഗർഭാശയമുഖത്തെ കോശങ്ങൾക്ക് എന്തെങ്കിലും മാറ്റമുണ്ടോ, അർബുദം ഉണ്ടോ, അർബുദംവരാൻ സാധ്യതയുണ്ടോ എന്നിവയെല്ലാം ഈ പരിശോധനയിലൂടെ അറിയാൻ കഴിയും.