തെരുവുനായ ശല്യത്തിന് ആശ്വാസം; എല്ലാ ജില്ലയിലും വന്ധ്യംകരണ പദ്ധതി

Share our post

തിരുവനന്തപുരം : തെരുവുനായ വന്ധ്യംകരണപദ്ധതി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ നിലവിലുള്ള എ.ബി.സി സെന്ററുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുമെന്ന്‌ മന്ത്രിമാരായ എം.വി. ഗോവിന്ദൻ, ജെ. ചിഞ്ചുറാണി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ നേരിട്ട് എ.ബി.സി പദ്ധതി നടപ്പാക്കാൻ അനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി ആവശ്യമില്ല. ഇതിനാവശ്യമായ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതിവിഹിതത്തിൽ ലഭ്യമാക്കണം. 340 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആറു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്‌.   

ജില്ല, ബ്ലോക്ക് പഞ്ചായത്തുകൾ ജില്ലയിലുള്ള എ.ബി.സി കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ തുക വകയിരുത്തണം. പദ്ധതിക്കുള്ള കേന്ദ്രങ്ങൾ ജില്ലകളിൽ കണ്ടെത്താൻ ഡെപ്യൂട്ടി ഡയറക്ടർമാർക്ക്‌ നിർദേശം നൽകി. വെറ്ററിനറി ഡോക്ടർമാർ, ഡോഗ് ക്യാച്ചർമാർ, മൃഗപരിപാലകർ എന്നിവരെ മൃഗസംരക്ഷണ വകുപ്പ് എം-പാനൽ ചെയ്യും. എ.ബി.സി ഡോഗ് റൂൾ പ്രകാരമുള്ള മോണിറ്ററിങ്‌ സമിതിയുണ്ടാകും. സംസ്ഥാനത്ത് 30 എ.ബി.സി സെന്ററുകൾ പ്രവർത്തിപ്പിക്കും.

പേവിഷബാധ നിർമാർജനത്തിന്‌ സന്നദ്ധ സംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുമായി ചേർന്ന്‌ സ്കൂളുകളിലടക്കം ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമുള്ള ആറുലക്ഷം വാക്‌സിനിൽ അഞ്ചുലക്ഷവും മൃഗാസ്പത്രികൾക്ക്‌ കൈമാറിയിട്ടുണ്ട്‌. ഇനിയും ആവശ്യമുള്ള നാലുലക്ഷം വാക്‌സിനുകൾ വാങ്ങി വിതരണം ചെയ്യാൻ നടപടി ആരംഭിച്ചതായും മന്ത്രിമാർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!