‘സമ്മാന’മായി ഒൻപതുലക്ഷത്തിൽപരം രൂപ; ഓൺലൈൻ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ തട്ടിപ്പ്

Share our post

കണ്ണൂർ : ഓൺലൈൻ മാർക്കറ്റിങ്‌ കമ്പനിയുടെ പേരിൽ തട്ടിപ്പ്. ഒൻപതുലക്ഷത്തിൽപരം രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ഇത് ലഭിക്കണമെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ നൽകണമെന്നും പറഞ്ഞാണ് കബളിപ്പിക്കൽ.

റിട്ട. ഹെഡ് കോൺസ്റ്റബിൾ മൗവഞ്ചേരിയിലെ എൻ.ഒ.രാമകൃഷ്ണനാണ് ‘നാപ്ടോൽ’ ഓൺലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡിന്റേതെന്ന പേരിൽ കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റ് ലഭിച്ചത്. പോസ്റ്റിൽ ലഭിച്ച കത്തിനൊപ്പമുണ്ടായിരുന്ന സ്ക്രാച്ച് ആൻഡ് വിൻ രേഖപ്പെടുത്തിയ ഭാഗം ചുരണ്ടിയപ്പോൾ 9,30,000 രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്. പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്. കോഡ്, ബാങ്കിന്റെ പേര്, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തി വാട്സാപ്പ് ആയോ മെയിലായോ അയക്കാനും നിർദേശമുണ്ട്. ഫിനാൻസ് മാനേജരുടേതെന്ന വ്യാജേന ഒപ്പും കത്തിലുണ്ടായിരുന്നു. കത്തിടപാടിൽ സംശയം തോന്നിയ രാമകൃഷ്ണൻ കത്തിലുണ്ടായിരുന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് ടി.വി.യിൽ കമ്പനിയുടെ മാർക്കറ്റിങ് ഷോയോടൊപ്പം കാണുന്ന നമ്പറിൽ ബന്ധപ്പെട്ടു. ഇങ്ങനൊരു പദ്ധതി നിലവിലില്ലെന്നും കത്തിടപാടുമായി കമ്പനിക്ക് ബന്ധമില്ലെന്നുമായിരുന്നു അറിയിപ്പ്. രാമകൃഷ്ണന് ലഭിച്ച സ്പീഡ് പോസ്റ്റ് വളരെ കൃത്യമായ വിലാസത്തിലുള്ളതാണ്. നേരത്തേ ഈ ഓൺലൈൻ കമ്പനിയിൽനിന്ന്‌ ഇദ്ദേഹം സാധനം വാങ്ങിയിട്ടുണ്ട്. അതുവഴിയാണോ വിലാസം ചോർന്നതെന്ന് സംശയിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!