വിദൂര വിദ്യാഭ്യാസത്തിന് ഫീസ് കൂടും

Share our post

സംസ്ഥാനത്തെ സർവകലാശാലകളിൽ ഡിഗ്രി, പി.ജി. കോഴ്സുകൾക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തി, ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിൻറെ പരിധിയിൽ പഠനം ക്രമീകരിച്ചതോടെ കോഴ്സുകൾക്കുള്ള ഫീസിലും വൻ വർധനവ് വരും. ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ ബി.കോമിന് മൂന്ന് വർഷത്തേക്ക് 23,630 രൂപയും ബി.എ.യ്ക്ക് 17,630 രൂപയുമാണ് ഫീസ്.

ബി.ബി.എ., ബി.സി.എ. കോഴ്സുകൾക്ക് പ്രക്ടിക്കൽ ഫീസ് ഉൾപ്പെടെ 33,230 രൂപയാണ്. എം.കോമിന് 18,770 രൂപയും എം.എ.യ്ക്ക് 14,770 രൂപയുമാണ്. പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിച്ചിരുന്നപ്പോൾ, ഒരു വിദ്യാർഥി മൂന്ന് വർഷകോഴ്സിന് കുറഞ്ഞ തുകമാത്രം രജിസ്ട്രേഷൻ ഫീയായി അടച്ചാൽ മതിയായിരുന്നു.

ബി.എ., ബി.കോം. കോഴ്സുകൾക്ക് 2505 രൂപയായിരുന്നു പ്രൈവറ്റ് രജിസ്ട്രേഷൻറെ ഫീസ്. എം.എ, എം.കോം കോഴ്സുകൾക്ക് 2945 രൂപയും.

ഓപ്പൺ സർവകലാശാലയിൽ അവധിദിവസങ്ങളിൽ ക്ലാസ്സുകൾ നടത്തുന്നതിനാലും പഠനപുസ്തകങ്ങൾ നൽകേണ്ടതിനാലുമാണ് ഇത്രയും ഫീസെന്ന് ശ്രീനാരായണ സർവകലാശാല അധികാരികൾ പറയുന്നു. എന്നാൽ, സാധാരണക്കാരായ കുട്ടികൾക്ക് ഈ ഫീസ് താങ്ങാൻ കഴിയില്ല.

1971-ലാണ്, കേരളത്തിൽ അർട്സ് ആൻഡ് സയൻസ് കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ നിലവിൽവന്നത്. ഇപ്പോൾ ഇത് നിർത്തിയതോടെ പാരലൽ കോളേജുകളും ഇല്ലാതാകുകയാണ്. 12 ഡിഗ്രി കോഴ്സുകളും അഞ്ച് പി.ജി. കോഴ്സുകളുമാണ് ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ ആരംഭിക്കുന്നത്. അറബി, ഇക്കണോമിക്സ്, ഹിന്ദി, ഇംഗ്ലീഷ്, ചരിത്രം, മലയാളം, സംസ്കൃതം, ഫിലോസഫി, സോഷ്യോളജി വിഷയങ്ങളിൽ സമാന്തരഡിഗ്രി പഠനം വിദൂര വിദ്യാഭ്യാസം വഴിയായിരിക്കും. എം.കോമിന് പുറമെ എം.എ. മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി എന്നീ പി.ജി. കോഴ്സുകളും വിദൂരവിദ്യാഭ്യാസ പഠനത്തിൻറെ പട്ടികയിൽ ഉൾപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!