കോവിഡ് അവസാനിച്ചിട്ടില്ല; തണുത്ത കാലാവസ്ഥ അടുക്കുന്നതിനനുസരിച്ച് മരണനിരക്ക് കൂടിയേക്കാം

Share our post

ലോകത്തെ പലരാജ്യങ്ങളിലും ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് നിരക്കുകൾ ഉയരുകയാണ്. ചിലയിടങ്ങളിൽ കോവിഡ് കേസുകൾ കുറഞ്ഞിട്ടുമുണ്ട്. ഒമിക്രോണിന്റെ വകഭേദങ്ങളാണ് വ്യാപനത്തിന് ആക്കം കൂട്ടുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ തണുപ്പ് കാലാവസ്ഥ അടുക്കുന്നതിന് അനുസരിച്ച് കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശവും മരണങ്ങളും കൂടുമെന്നാണ് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുന്നത്.

വരും മാസങ്ങളിൽ തണുത്ത കാലാവസ്ഥ കൂടുന്നതിന് അനുസരിച്ച് ആശുപത്രിവാസവും മരണനിരക്കും കൂടുമെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോ ​ഗബ്രേഷ്യസ് പറയുന്നത്. ലോകാരോ​ഗ്യസംഘടനയുടെ പുതിയ കണക്കുകൾ പ്രകാരം പ്രതിവാര കേസുകളുടെ എണ്ണത്തിൽ ഒമ്പതുശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓ​ഗസ്റ്റ് പതിനഞ്ചു മുതൽ ഇരുപത്തിയൊന്നു വരെയുള്ള ദിവസത്തിനുളളിൽ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണിത്. മരണനിരക്കും മുൻ ആഴ്ചയെ അപേക്ഷിച്ച് പതിനഞ്ചു ശതമാനത്തോളം കുറവു രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ നിലവിലുള്ള ഒമിക്രോണിന്റെ വകഭേദങ്ങൾക്ക് മുൻപുണ്ടായിരുന്നവയെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണെന്നും അദ്ദേഹം പറയുന്നു. തണുത്ത കാലാവസ്ഥ കൂടി വരുന്നതോടെ കൂടുതൽ ജാ​ഗ്രത പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം.

ഇപ്പോഴും വാക്സിന്റെ കാര്യത്തിൽ വിമുഖത പ്രകടിപ്പിക്കുന്ന രാജ്യങ്ങളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽപ്പോലും മുപ്പതുശതമാനത്തോളം ആരോ​ഗ്യ പ്രവർത്തകരും ഇരുപതു ശതമാനത്തോളം പ്രായമായവരും വാക്സിനെടുക്കാത്തവരാണ്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. വാക്സിനെടുക്കാത്തവർ ദയവു ചെയ്ത് അതിനു തയ്യാറാകണമെന്നും മാസ്ക് ധരിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡിനൊപ്പം ജീവിക്കുന്നു എന്നുകരുതി മഹാമാരി അവസാനിച്ചുവെന്ന് നടിക്കുകയല്ല എന്നും അദ്ദേഹം പറഞ്ഞു. കോവി‍ഡിനൊപ്പം ജീവിക്കുക എന്നാൽ രോ​ഗം വരാതിരിക്കാനുള്ള ലളിതമായ മുൻകരുതലെടുക്കുന്നതും രോ​ഗംബാധിച്ചാൽ അപകടാവസ്ഥയിലേക്കോ മരണത്തിലേക്കോ പോകുന്നത് തടയാനുള്ള മാർ​ഗങ്ങൾ സ്വീകരിക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!