തിരക്കുള്ള സമയത്ത് കണ്ടെയിനർ ലോറികളും ടിപ്പറുകളും കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കും

Share our post

കണ്ണൂർ: രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ കണ്ടെയിനർ ലോറികളും ടിപ്പറുകളും കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ എൻഫോഴ്‌സ്‌മെൻറ് നടപടികൾ ശക്തമാക്കാൻ ജില്ലാ റോഡ് സുരക്ഷാസമിതി യോഗം നിർദേശം നൽകി. പൊതുറോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അഭിപ്രായമുയർന്നു.

നഗരങ്ങളിലെ അനധികൃത ഓട്ടോറിക്ഷാ സ്റ്റാന്റുകൾ ഒഴിവാക്കാൻ യോഗം തീരുമാനിച്ചു. പാപ്പിനിശേരി-പിലാത്തറ റോഡിൽ അപകട സാധ്യതയുള്ള ഇടങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആർ.ടി.ഒ യെ ചുമതലപ്പെടുത്തി. 

കണ്ണൂർ ഒണ്ടേൻ റോഡിന്റെ വീതി കൂട്ടൽ, സ്ലാബുകളുടെ പ്രശ്‌നം പരിഹരിച്ച് ഗതാഗത തടസമൊഴിവാക്കൽ എന്നിവ സംബന്ധിച്ച് കോർപ്പറേഷൻ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് തേടും. താഴെചൊവ്വ പള്ളിപ്പൊയിൽ റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച ജില്ലാ പഞ്ചായത്തിന്റെ അപേക്ഷയിന്മേൽ കെ.എസ്.ടി.പി യിൽ നിന്നും റിപ്പോർട്ട് തേടും. താണ, ചിറക്കര, കാൽടെക്‌സ് ജംഗ്ഷൻ എന്നിവിടങ്ങളിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം സംബന്ധിച്ച് വിശദവിവരങ്ങൾ തേടി.

അപകടം പതിവായ തളിപ്പറമ്പ് നാറാത്ത് ജംഗ്ഷനിൽ റംബിൾ സ്‌ട്രൈപ്‌സ് സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. തളിപ്പറമ്പ് നഗരത്തിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കുന്നതിന് നഗരസഭയ്ക്ക് അനുമതി നൽകും. നാറാത്ത് പഞ്ചായത്തിൽ ജംഗ്ഷനിലേക്കുള്ള പോക്കറ്റ് റോഡുകളിൽ ഡിവൈഡറുകളും ഗതാഗത നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്താൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകും. 

ആർ.ടി.ഒ എ.സി. ഷീബ, ടെക്‌നിക്കൽ മെമ്പർ കെ. ഹരീന്ദ്രൻ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയർ കെ.എം.ഹരീഷ്, എൻ.എച്ച്. വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ടി. പ്രശാന്ത്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!