ഓണം ആഘോഷിക്കാന്‍ ഫ്രീക്കന്‍ വണ്ടിയിലെ റേസും റാലിയും വേണ്ട; പണിയുമായി എം.വി.ഡി. റോഡിലുണ്ട്

രൂപമാറ്റം വരുത്തിയ വാഹനങ്ങളുപയോഗിച്ചുള്ള അഭ്യാസവുമായി കോളേജുകളിലേക്കും സ്‌കൂളുകളിലേക്കും എത്തേണ്ട…’പണികിട്ടും’. നിയമം ലംഘിക്കുന്നവരെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടും. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിവിധ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി അഭ്യാസം നടത്തുന്നത് തടയാന്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. വാഹനങ്ങളുപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിച്ചാണ് കൂടുതലായും അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. രൂപമാറ്റം വരുത്തിയ ബൈക്കുകള്‍, കാറുകള്‍, ജീപ്പുകള്‍ എന്നിവയാണ് റാലികളുടെ ‘ട്രെന്‍ഡ്’. വരുംദിവസങ്ങളില്‍ ഓണാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഇത്തരം നിയമലംഘനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ഇത്തരത്തില്‍ പിടികൂടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷം റദ്ദ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുക്കും. വാഹനമോടിച്ച വിദ്യാര്‍ഥികളുടെ ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദ്‌ചെയ്യും. ഇത് സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ക്കും ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കും ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. രാജീവ് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനമിടിച്ച് 2015-ല്‍ തസ്നി ബഷീര്‍ എന്ന അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി മരിച്ചിരുന്നു. ഈ വര്‍ഷം സ്‌കൂളുകളിലെയും കോളേജുകളിലെയും പ്രവേശന സമയങ്ങളില്‍ ആഘോഷവേളകളില്‍ വിദ്യാര്‍ഥികള്‍ കാറിനുമുകളില്‍ കയറിയിരുന്നും ജെ.സി.ബി.യു.മെല്ലാമായി വാഹനാഭ്യാസം നടത്തുന്നത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.